Monday 2 November 2009

ഹരിതഭാഷാവിജ്ഞാനം




ഡോ. ടി. ശ്രീവത്സന്‍



ഭാഷയും സമൂഹവും തമ്മില്‍ ഉണ്ടെന്നു സങ്കല്‌പിക്കുന്ന പ്രത്യക്ഷബന്ധത്തിന്റെ അടിസ്ഥാനത്തില്‍, ഏതെങ്കിലും ഒന്നിനെ പഠിച്ചുകൊണ്ട്‌ മറ്റതിനെക്കുറിച്ചറിയാമെന്ന സാമൂഹികഭാഷാശാസ്‌ത്രത്തിന്റെ അവകാശവാദം ഇന്ന്‌ കാലഹരണപ്പെട്ടിരിക്കുന്നു. 'ഭാഷ സമൂഹത്തിന്റെ കണ്ണാടിയാണ്‌' എന്ന പഴയ പ്രസ്‌താവവും ഇന്ന്‌ അപഹാസ്യമായിത്തീര്‍ന്നിരിക്കുകയാണ്‌. യാഥാര്‍ത്ഥ്യത്തെ അതേപടി പ്രതിഫലിപ്പിക്കുകയല്ല, മറിച്ച്‌ സജീവമായിത്തന്നെ സൃഷ്ടിക്കുകയാണ്‌ ഭാഷ ചെയ്യുന്നതെന്ന്‌ ഇന്ന്‌ തിരിച്ചറിയപ്പെട്ടിട്ടുണ്ട്‌. അതുകൊണ്ട്‌ 'മനുഷ്യസംസ്‌ക്കാരം നാളിതുവരെ ആര്‍ജ്ജിച്ചതില്‍വെച്ച്‌ ഏറ്റവും മഹത്തായ നേട്ടമാണ്‌ ഭാഷ' എന്നും മറ്റുമുള്ള അതിവാദങ്ങളെ നമുക്ക്‌ സംശയത്തോടെ മാത്രമേ ഉള്‍ക്കൊള്ളാനാവൂ.
ഭാഷകരുടെ ലോകവീക്ഷണത്തെ ഭാഷ എങ്ങനെ പരുവപ്പെടുത്തുന്നുവെന്ന്‌ സപീര്‍ - വോര്‍ഫ്‌ അനുമാനവും അതിനുമുന്‍പും ശേഷവുമുള്ള പലതത്വങ്ങളും തെളിയിച്ചിട്ടുണ്ട്‌. പൗരസ്‌ത്യവും പാശ്ചാത്യവുമായി സഹസ്രാബ്ദങ്ങളുടെ വേരുകളുള്ള ഈ അവബോധം പക്ഷേ, മറ്റു പല പരിഗണനകളാല്‍ ഭാഷാശാസ്‌ത്രത്തില്‍ തഴയപ്പെടുകയായിരുന്നിരിക്കണം. യാഥാര്‍ത്ഥ്യത്തെ സൃഷ്ടിക്കാനും, അങ്ങനെ സൃഷ്ടിക്കപ്പെട്ട യാഥാര്‍ത്ഥ്യത്തിന്റെ ഭാഗമായ ഭാഷയെ പഠിക്കാനും അതിന്റെ അപ്രമാദിത്വത്തെ വിമര്‍ശിക്കാനും നമുക്ക്‌ ഭാഷവേണം എന്നിടത്താണ്‌ ഇന്നത്തെ ഭാഷാപഠനം മുട്ടുകുത്തുന്നത്‌. പഠനവസ്‌തുവും പഠനമാധ്യമവും പഠിക്കുന്ന വ്യക്തിയും ഒന്നുതന്നെയാകുമ്പോള്‍ സംഭവിക്കുന്ന കെണിയാണിത്‌. 1 + 1 = 2 എന്ന ഗണിതവാക്യത്തെ ?ഒന്നും ഒന്നും രണ്ടാണ്‌? എന്ന ഭാഷാവാക്യമാക്കുകയും അതിനുശേഷം ആനുഭവികലോകത്തില്‍നിന്നും അതു ശരിവയ്‌ക്കുന്ന ഉദാഹരണം കണ്ടെത്തുകയും ചെയ്‌താണ്‌ നാം മനസ്സിലാക്കുന്നത്‌. എന്നാല്‍ ഭാഷയിലെ വാക്യങ്ങളുടെ സത്യാത്മകത നമുക്ക്‌ എങ്ങനെ തെളിയിക്കാനാവും? ഗണിതത്തിലേതുപോലെ ഇവിടേയും ഭാഷയ്‌ക്കു പുറത്തുള്ള ഒരു ഇടമോ മാധ്യമമോ കണ്ടെത്താന്‍ കഴിയാത്തിടത്തോളം അതിന്റെ വസ്‌തുനിഷ്‌ഠത ഒരുതരം ധാരണയോ വിശ്വാസമോ മാത്രമായിത്തീരുന്നു. ശാസ്‌ത്രീയതയ്‌ക്കും യുക്തിചിന്തയ്‌ക്കും മുന്‍തൂക്കം നല്‍കിക്കൊണ്ട്‌, മനുഷ്യപുരോഗതിലക്ഷ്യമാക്കിയ പ്രബുദ്ധതാദര്‍ശനങ്ങളാകമാനം, മനുഷ്യചിന്തയിലെ ഏറ്റവും വലിയ ?അന്ധവിശ്വാസ?മായ ഭാഷയെ അടിത്തറയായി സ്വീകരിച്ചുകൊണ്ടുള്ളവയായിരുന്നു. മാനവികവാദം കെട്ടിപ്പണിതുണ്ടാക്കിയ ആ അടിത്തറയുടെ വിള്ളലുകളും കളങ്കവും തിരിച്ചറിയുമ്പോള്‍ മനുഷ്യസംസ്‌കൃതിയുടെ മഹാഗോപുരങ്ങളപ്പാടെ നിലംപൊത്തുന്ന കാഴ്‌ചയാണ്‌ സമകാലചിന്തകള്‍ നമുക്കു കാണിച്ചുതരുന്നത്‌.

പരിസ്ഥിതി എന്ന രൂപകം

ഭാഷാശബ്ദങ്ങളും അവകുറിക്കുന്ന വസ്‌തുക്കളും തമ്മിലുള്ള ബന്ധം ഇച്ഛാനുസാരി(arbitrary)യാണെന്ന ഫെര്‍ഡിനാന്റ്‌ ഡി സൊസ്യൂറിന്റെ നിരീക്ഷണം നാം മനസ്സിലാക്കുന്നത്‌ കേവലം സാങ്കേതികമായ അര്‍ത്ഥത്തില്‍ മാത്രമാണ്‌. വ്യക്തികള്‍ക്കു പേരിടുന്നതുപോലെത്തന്നെ ഓരോ പ്രത്യേകഭാഷയും അതിലൂടെ വിനിമയം ചെയ്യുന്ന എല്ലാ വസ്‌തുക്കള്‍ക്കും വസ്‌തുതകള്‍ക്കും പേരിട്ടുവിളിക്കുന്നുണ്ട്‌. വ്യക്തിസത്തയും അവന്റെ / അവളുടെ പേരും തമ്മിലുള്ളതുപോലുള്ള അന്തരം, വസ്‌തുക്കളും അവ കുറിക്കുന്ന നാമവും തമ്മിലുണ്ടെന്ന്‌ നാം ഓര്‍ക്കാറേയില്ല. പുഴയും കടലും മരവും പൂവും പുഴുവുമൊക്കെ മനുഷ്യന്റെ കാഴ്‌ചപ്പാടില്‍നിന്നുകൊണ്ട്‌ അവയുടെ ഉപയോഗിതയുടെ അടിസ്ഥാനത്തിലുള്ള പേരുകളാണെന്നു വ്യക്തം. പ്രപഞ്ചസൃഷ്ടിക്കുശേഷം യഹോവ, തന്റെ സൃഷ്ടികള്‍ക്കെല്ലാം മനുഷ്യന്‍ എന്തുപേരിടുമെന്നറിയാനായി കൗതുകപ്പെടുന്ന സന്ദര്‍ഭം ബൈബിള്‍ ഉല്‌പത്തിപുസ്‌തകത്തിലുണ്ട്‌. താന്‍ സൃഷ്ടിച്ച പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങളിലും മീതെയായി യഹോവ മനുഷ്യനെ പ്രതിഷ്‌ഠിച്ചു. സകലജീവജാലങ്ങള്‍ക്കും മനുഷ്യന്‍ പേരിട്ടു. അവ 'അതാ'യിത്തീര്‍ന്നു. നാമകരണത്തിലെ ഈ മനുഷ്യകേന്ദ്രീകരണത്തില്‍ത്തുടങ്ങുന്നു ഭാഷയിലെ കുഴപ്പങ്ങള്‍. പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതചൂഷണത്തിന്റെ പ്രത്യാഘാതങ്ങള്‍ കൂടുതല്‍ക്കൂടുതല്‍ ഭീഷണമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനാവസ്ഥയില്‍, ലോകമെമ്പാടും ഉയര്‍ന്നുവരുന്ന പാരിസ്ഥിതികദര്‍ശനത്തിന്റെ നിലപാടുതറയില്‍നിന്നുകൊണ്ട്‌ ഭാഷ എന്ന പ്രതിഭാസത്തെ സമീപിക്കുവാനുള്ള ശ്രമമാണ്‌ ഹരിതഭാഷാവിജ്ഞാനം എന്ന ശാഖയ്‌ക്ക്‌ തുടക്കം കുറിച്ചത്‌.
1912ല്‍ എഡ്വേര്‍ഡ്‌ സപീര്‍ എന്ന പാശ്ചാത്യഭാഷാശാസ്‌ത്രജ്ഞന്റെ ?ഭാഷയും പരിസരവും? എന്ന പ്രബന്ധത്തിലാണ്‌ ഹരിതഭാഷാവിജ്ഞാനത്തിന്റെ ആദ്യാങ്കുരങ്ങള്‍ കണ്ടെത്താനാവുക. ഭാഷയിലെ സങ്കീര്‍ണ്ണചിഹ്നങ്ങള്‍, അതു സംസാരിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ ഭൗതികവും സാമൂഹികവുമായ പരിസരങ്ങളെ പ്രതിഫലിപ്പിക്കുന്നുണ്ടാവുമെന്ന്‌ അക്കാലത്തുതന്നെ അദ്ദേഹം നിരീക്ഷിച്ചു. ഭാഷയുടെ പദാവലിയിലും സ്വനതലത്തിലും വ്യാകരണത്തിലും ഈ പ്രതിഫലനം കണ്ടെത്താനാവുമത്രേ. അവയില്‍ പദാവലിയിലാണ്‌ പരിസരസ്വാധീനം എറ്റവും പ്രകടമാവുക. കടലോരനിവാസികളായ ഗോത്രവര്‍ഗ്ഗക്കാരുടെ ഭാഷയില്‍ സമുദ്രജീവികളുടെ സൂക്ഷ്‌മതലത്തിലുള്ള വിവരങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്ന പദാവലി കണ്ടെത്തിയിട്ടുണ്ട്‌. കാലാവസ്ഥ, ജലജീവികളുടെ ജീവിതചക്രം, തുടങ്ങി ഒട്ടേറെ പരിസരസവിശേഷതകള്‍ അവര്‍ ഭാഷയിലൂടെ പകരുന്നതായി കാണാം. അതുപോലെ മരുഭൂമിയിലെ പ്രാചീനനിവാസികളുടെ ഭാഷയില്‍ അവിടുത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും പ്രത്യേകജീവിവര്‍ഗ്ഗങ്ങളും ഒക്കെ വ്യക്തമായി കുറിക്കാനുള്ള പദാവലി കണ്ടെത്താം. പദാവലീതലത്തിലെ ഐച്ഛികവികാസമെന്നാണ്‌ സപീര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്‌(Sapir 2001(1912):16).
ഈ ഉദാഹരണങ്ങളില്‍നിന്നും ഒരു പ്രത്യേകപ്രദേശത്തെ ഭാഷ, ആ പരിസരത്തെ ജീവികളേയും സാഹചര്യങ്ങളേയും പ്രതിഫലിപ്പിക്കുക മാത്രമല്ല, ആ ഭാഷകസമൂഹത്തിന്‌ തങ്ങളുടെ പരിതസ്ഥിതിയോടുള്ള സമീപനമെന്തെന്ന്‌ വ്യക്തമാക്കുകകൂടിയാണ്‌ ചെയ്യുന്നതെന്ന്‌ സപീര്‍ അക്കാലത്തുതന്നെ തിരിച്ചറിഞ്ഞു. ഭാഷകളുടെ സ്വനവ്യവസ്ഥയുടെ പൊതുസ്വഭാവത്തെ, ആ ഭാഷ നിലനില്‍ക്കുന്ന ഭൗതികസാഹചര്യങ്ങള്‍ നിര്‍ണ്ണയിക്കുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്‌. മലമ്പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക്‌ പ്രതികൂലമായ ഒട്ടേറെ ഭൗതികസാഹചര്യങ്ങളുമായി മല്ലിടേണ്ടിവരുന്നതുകൊണ്ട്‌ അവരുടെ ഭാഷയുടെ സ്വനതലം കൂടുതല്‍ പരുഷവും പരുക്കനുമായി മാറുന്നു. സ്വാഭാവികമായും സമതലപ്രദേശങ്ങളില്‍ നിവസിക്കുന്നവരുടെ ഭാഷാശബ്ദങ്ങള്‍ താരതമ്യേന മൃദുവായി കാണപ്പെടുകയും ചെയ്യുന്നു(Sapir 2001(1912):18).
സംസ്‌ക്കാരവും ഭാഷയും പരിതസ്ഥിതിയുമായുള്ള ബന്ധം ഋജുവോ ലളിതമോ അല്ല. ഭാഷകരുടെ ബോധമണ്ഡലത്തില്‍ ഒരു സാംസ്‌ക്കാരികപരിണാമം സ്വീകരിക്കപ്പെടുന്ന അത്രയും വേഗത്തില്‍ ഒരു ഭാഷാപരിണാമം സ്വീകരിക്കപ്പെടാറില്ല. സംസ്‌ക്കാരത്തിലെ മാറ്റങ്ങള്‍, ബോധപൂര്‍വ്വവും എളുപ്പത്തില്‍ തിരിച്ചറിയാവുന്നതുമാണെങ്കില്‍, ഭാഷയിലെ മാറ്റങ്ങള്‍ മനുഷ്യന്റെ ഇച്ഛാശക്തിക്കുമപ്പുറം നില്‍ക്കുന്ന ചില മാനവികഘടകങ്ങളാല്‍ സംഭവിക്കുന്നതാണ്‌. അതുകൊണ്ടൊക്കെത്തന്നെ സാംസ്‌ക്കാരികപരിണാമവും ഭാഷാപരിണാമവും സമാന്തരമായല്ല സംഭവിക്കുന്നത്‌ എന്നു തീര്‍ച്ച. അവതമ്മില്‍ നാം കരുതുംപോലെ കാര്യകാരണബന്ധമല്ല ഉള്ളത്‌.
സംസ്‌ക്കാരത്തിന്റെ വികാസം സംഭവിച്ചിട്ടുള്ളത്‌, ഭാഷയും അതിന്റെ പരിസരവും തമ്മില്‍ പുരാതനകാലത്തുണ്ടായിരുന്നിരിക്കാവുന്ന ദൃഢബന്ധത്തെ ബാധിച്ചുകൊണ്ടും വിച്ഛേദിച്ചുകൊണ്ടും ആയിരുന്നിരിക്കണം. ഇനിയൊരിക്കലും ഒരു ഋജുരേഖയില്‍ ഒത്തുപോകാത്തവണ്ണം അവ അകന്നുപോയ്‌ക്കൊണ്ടിരിക്കുകയാണെന്ന്‌ സപീര്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ത്തന്നെ ഉല്‍ക്കണ്‌ഠപ്പെട്ടിരുന്നു.
സപീറിനും നൂറുവര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ജര്‍മ്മന്‍ ദാര്‍ശനികനായ വില്‍ഹെം വോണ്‍ ഹംബോള്‍ട്‌ മനുഷ്യഭാഷകളുടെ വൈവിധ്യത്തെക്കുറിച്ച്‌ സംസാരിച്ചിട്ടുണ്ട്‌. ജോര്‍ജ്ജ്‌ സ്റ്റെയ്‌നറെപ്പോലുള്ളവരാകട്ടെ, ഭാഷാവൈവിധ്യങ്ങള്‍ക്കുമുന്‍പില്‍ അന്ധാളിച്ചുനില്‍ക്കുകയാണുണ്ടായത്‌. ലോകമെമ്പാടുമുള്ള മനുഷ്യരാശിക്കുമുഴുവന്‍ ഒരേ ദഹനവ്യൂഹവും സമാനമായ മസ്‌തിഷ്‌ക്കഘടനയും ഉണ്ടായിട്ടും എന്തുകൊണ്ട്‌ ഒരേഭാഷയില്‍ സംസാരിക്കുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ സംശയം. ബൈബിളിലെ ബാബേല്‍ ഗോപുരത്തകര്‍ച്ചയുടെ കഥ ഇവിടെ ഓര്‍ക്കാവുന്നതാണ്‌. ശാസ്‌ത്രം അയുക്തികമെന്നു തള്ളുമെങ്കിലും മറ്റെന്തെങ്കിലും ഒരു ന്യായീകരണം ഈ ഭാഷാവൈവിധ്യങ്ങള്‍ക്കാസ്‌പദമായി ഇന്നോളം നമുക്കു ലഭിച്ചിട്ടില്ല. ഡാര്‍വിനിയന്‍ പരിണാമസിദ്ധാന്തത്തിന്റെ കൂട്ടുപിടിച്ച്‌ സ്റ്റെയ്‌നര്‍ സ്വയം തൃപ്‌തനാവാന്‍ ശ്രമിക്കുകയാണ്‌; സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും അര്‍ഹതയുള്ളതിന്റെ അതിജീവനവും മറ്റും.
സപീറിന്റെ ദര്‍ശനങ്ങളുടെ ചുവടുപിടിച്ചുകൊണ്ടാണ്‌ 1970കളില്‍ എയ്‌നര്‍ ഹോഗന്‍ ?ഭാഷയും പാരിസ്ഥിതികതയും? എന്ന വിഷയം അവതരിപ്പിക്കുന്നത്‌. ഭാഷയും അതു നിലനില്‍ക്കുന്ന പരിസരവും തമ്മിലുള്ള പാരസ്‌പര്യത്തെയാണ്‌ ഭാഷാപാരിസ്ഥിതികത (ecology of language) എന്ന്‌ ഹോഗന്‍ വിളിച്ചത്‌. ഭാഷയുടെ യഥാര്‍ത്ഥ പരിസരം അതിന്റെ സങ്കേതങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്ന സമൂഹം തന്നെയാണ്‌. ജീവശാസ്‌ത്രത്തില്‍നിന്നുള്ള രൂപകം കടമെടുത്തുകൊണ്ട്‌ പത്തൊമ്പതാം നൂറ്റാണ്ടില്‍ത്തന്നെ ഭാഷയുടെ ആയുസ്സിനേയും ജീവിതത്തേയും കുറിച്ച്‌ ചിന്തിച്ചുതുടങ്ങിയിരുന്നു. മറ്റേതൊരു ജീവിക്കുമെന്നതുപോലെ ഭാഷയ്‌ക്കും ജനനവും ജീവിതവും മരണവും ഉണ്ട്‌. മനുഷ്യരെപ്പോലെ ഭാഷയ്‌ക്കും കൊച്ചുകൊച്ചസുഖങ്ങള്‍ വരികയും വിദഗ്‌ധരായ വൈയാകരണന്മാരുടെ ചികിത്സയാല്‍ അവ ഭേദമാവുകയും ചെയ്യുമത്രേ. ഡാര്‍വിനിയന്‍ അതിജീവനസിദ്ധാന്തം പോലെ ഭാഷയിലും പുതിയ ജനുസ്സുകള്‍ രൂപമെടുക്കുന്നുവെന്നും അന്ന്‌ ധരിച്ചിരുന്നു. എന്നാലിന്ന്‌ അത്തരമൊരു ജീവശാസ്‌ത്രമാതൃകയെ ഭാഷാപണ്ഡിതര്‍ അംഗീകരിക്കുന്നില്ലെന്ന്‌ ഹോഗന്‍ പറയുന്നു. മറ്റുജീവികളെപ്പോലെ ഭാഷ ശ്വസിക്കുന്നില്ല, ഉപയോക്താക്കളില്‍നിന്നു വേറിട്ട്‌ ഭാഷയ്‌ക്ക്‌ സ്വന്തമായൊരു ജീവിതം തന്നെയില്ല.
ജീവശാസ്‌ത്രമാതൃകയ്‌ക്കു പകരം മറ്റു രൂപകങ്ങള്‍ പിന്നീട്‌ ഉയര്‍ന്നുവന്നു. അവയില്‍ ഏറ്റവും പ്രമുഖം വ്യവസായവിപ്ലവാനന്തരമുണ്ടായ ഒന്നാണ്‌. ഭാഷ ഒരു ഉപകരണമോ ഉപാധിയോ യന്ത്രമോ ആയുധമോ ആണെന്ന്‌. മാനുഷികമായ ഒരു ലക്ഷ്യം ഈ ഉപാധിയിലൂടെ ആര്‍ജ്ജിക്കാനുണ്ട്‌. മറ്റേതൊരു ഉപകരണത്തേയും പോലെ ഭാഷയുടേയും നിര്‍ണ്ണായകഘടകം അതിന്റെ കാര്യക്ഷമത(efficiency)യാണ്‌. പാശ്ചാത്യ ആധുനികതയുടെ ആണിക്കല്ലെന്നു വിശേഷിപ്പിക്കാവുന്ന ഈ ഉപകരണവാദം, മനുഷ്യന്റെ അതിരറ്റ ദുരയുടെ പ്രത്യക്ഷീകരണമാണെന്ന്‌ തിരിച്ചറിഞ്ഞത്‌ പിന്നീടുമാത്രമാണ്‌. പ്രകൃതിപ്രതിഭാസങ്ങള്‍ മുഴുവനും മനുഷ്യനു മൃഷ്ടാന്നം ഭുജിക്കാനുള്ള വിഭവങ്ങളാണെന്ന ധാരണയില്‍ നാമേറെ മുന്നോട്ടുപോവുകയും അധികം താമസിയാതെതന്നെ, ആ വിഭവങ്ങള്‍ പരിമിതമാണെന്ന ഞെട്ടുന്ന തിരിച്ചറിവില്‍ സ്‌തംഭിച്ചുപോവുകയും ചെയ്യുന്ന കാലമാണിത്‌. ഒരു സമൂഹം എത്ര സംസ്‌ക്കാരസമ്പന്നമാണെന്നതിന്റെ മാനകം അത്‌ എത്രത്തോളം പ്രകൃതിയില്‍ നിന്നും അകലെയാണെന്നതാണ്‌. പ്രകൃതിയുമായി മനുഷ്യനൊഴികെ മറ്റെല്ലാ ജീവജാലങ്ങള്‍ക്കുമുള്ള പൊക്കിള്‍ക്കൊടി ബന്ധം നമുക്കിനി പുനഃസ്ഥാപിക്കാനാവില്ലെന്ന ദുരന്തസത്യം മനസ്സിലാക്കിയ നാം, പ്രായശ്ചിത്തം പോലും സാധ്യമാകാത്ത ആധുനികതയുടെ പാപങ്ങള്‍ക്കുമുന്നില്‍ അന്തിച്ചുനില്‍ക്കുകയാണിന്ന്‌.

ഭാഷയും പരിസ്ഥിതിയും

ജീവിവര്‍ഗ്ഗങ്ങളും അവയുടെ പരിസരവുമായുള്ള പാരസ്‌പര്യം പോലെ ഏതൊരു ഭാഷയും അതു നിലനില്‍ക്കുന്ന സാഹചര്യവുമായി ഗാഢബദ്ധമാണെന്ന ധാരണയിലാണ്‌ പാരിസ്ഥിതികഭാഷാശാസ്‌ത്രം നിലപാടുറപ്പിക്കുന്നത്‌. 1967ല്‍ അരിസോണയിലെ ഭാഷാപരിതോവസ്ഥയെക്കുറിച്ചുള്ള വീഗെലിന്‍സിന്റെയും ഷുട്‌സിന്റെയും(1967: 403-51)പഠനത്തിലാണ്‌ ആദ്യമായി ഇത്തരമൊരു സമീപനം കാണുന്നത്‌. ഇതിന്റെ വിപുലനമോ സൈദ്ധാന്തികസ്ഥാപനമോ ആയിവേണം ഹോഗന്റെ പഠനത്തെ കാണാന്‍. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മറ്റു വിജ്ഞാനശാഖകളെ അപേക്ഷിച്ച്‌ പാരിസ്ഥിതികഭാഷാപഠനം കൂടുതല്‍ ചലനാത്മകമാണ്‌. കേവലം വിവരണാത്മകം എന്നതിനേക്കാള്‍ പ്രവചനാത്മകമോ പരിഹാരാത്മകമോ ആണ്‌ അത്‌. ആധുനികഭാഷാശാസ്‌ത്രം, അന്നുവരെ നിലനിന്നിരുന്ന നിര്‍ദ്ദേശാത്മകമോ താരതമ്യാത്മകമോ ആയ രീതികളെ ഏകകാലിക വിവരണങ്ങള്‍കൊണ്ട്‌ പകരം വച്ചുവെങ്കില്‍, അതിനോടും അതിന്റെ സന്തതിയായ ഘടനാവാദപദ്ധതികളോടും കടകവിരുദ്ധമായ നിലപാടാണ്‌ ഹരിതഭാഷാപഠനം പുലര്‍ത്തുന്നത്‌. ജൈവവ്യൂഹം (ecosystem) എന്ന തത്വത്തിന്‌ സമാന്തരമായി ഹോഗന്‍ സങ്കല്‌പിച്ച ഭാഷാലോകവ്യൂഹം (language world system) എന്ന ആശയം ആധുനികോത്തരമായ ഒരു ദാര്‍ശനികപരിസരത്തിനു മാത്രം വിഭാവന ചെയ്യാവുന്ന ഒന്നായിരുന്നു. ഹോഗനെ സംബന്ധിച്ച്‌ അതൊരു ആനുഭവിക വ്യവഹാരമാണ്‌. ജൈവവ്യൂഹത്തിനകത്തെ പരസ്‌പരാശ്രിതത്വം ഈ ഭാഷാവ്യൂഹത്തിനകത്തും നിലനില്‍ക്കുന്നുണ്ട്‌. ഭാഷ സാധ്യമാകുന്നത്‌ മനുഷ്യരെ മാത്രം ആശ്രയിച്ചല്ലെന്ന ഈ കണ്ടെത്തല്‍, ഫ്രെഡറിക്‌ നീഷേയില്‍നിന്നു തുടങ്ങുകയും ഫൂക്കോവില്‍ പുഷ്‌പിക്കുകയും ചെയ്‌ത പ്രതിമാനവികവാദത്തിന്‌ താങ്ങാണ്‌. പ്രകൃതിയോടുള്ള നവീനനാഗരികസമൂഹങ്ങളുടെ സമീപനം എങ്ങനെ അതിന്റെ സര്‍ഗ്ഗജീവിതത്തെ ബാധിക്കുന്നുവോ അതുപോലെത്തന്നെ നവീനഭാഷോപയോഗരീതികളും ഭാഷയുടെ സര്‍ഗ്ഗാത്മകതയെ ബാധിക്കുമെന്നുതന്നെ ഹോഗന്‍ കരുതുന്നു.
1980കളില്‍ എയ്‌നര്‍ ഹോഗന്റെ രൂപകത്തിന്‌ കാര്യമായ പ്രശസ്‌തി ലഭിച്ചു. ഒരു കൂട്ടം പഠനങ്ങള്‍ക്കും ഗ്രന്ഥങ്ങള്‍ക്കും ഈ ചിന്ത പ്രചോദനമേകി. വംശനാശം നേരിടുന്ന ജീവജാതികളെപ്പോലെത്തന്നെയാണ്‌ നാശോന്മുഖമായ ഭാഷകളുടേയും സ്ഥിതിയെന്ന്‌ ഈ പഠനങ്ങള്‍ ആണയിട്ടുപറഞ്ഞു. ജൈവവൈവിധ്യം പോലെത്തന്നെ നിര്‍ണ്ണായകമായ ഒന്നാണ്‌ ഭാഷാവൈവിധ്യമെന്നും അവര്‍ തെളിയിച്ചു. ഒരുപക്ഷേ യഹോവയായ ദൈവം മനുഷ്യനുമേല്‍ ചൊരിഞ്ഞ ആദിമശിക്ഷ -അവരുടെ ഭാഷ കലക്കിക്കളഞ്ഞത്‌- പുതിയ അവബോധത്തോടെ തിരിച്ചറിയുകയും അനുഗ്രഹമായി ഏറ്റുവാങ്ങുകയും ചെയ്യുന്ന കാഴ്‌ചയാണ്‌ ഇവിടെ കാണാനാവുക.
1990കളോടെ ഹരിതഭാഷാപഠനത്തിന്‌ വ്യക്തമായ ദിശാബോധവും ദൗത്യവും കൈവരുന്നതായി കാണാം. ജര്‍മ്മന്‍ ഭാഷാശാസ്‌ത്രജ്ഞനായ മാത്തിയാസ്‌ യുങ്ങ്‌(Jung 2001), പത്രവാര്‍ത്തകളുടെ ശേഖരം അപഗ്രഥിച്ചുകൊണ്ട്‌ പാരിസ്ഥിതികപദാവലികളില്‍ കാലക്രമത്തില്‍ വരുന്ന പരിണാമം പഠിക്കുകയുണ്ടായി. ഉദാഹരണമായി ആണവോര്‍ജ്ജം എന്ന പദം തന്നെയെടുക്കാം. അര്‍ത്ഥതലത്തിലുള്ള അതിന്റെ സഹസംബന്ധരൂപങ്ങള്‍ സ്വാതന്ത്ര്യം, വളര്‍ച്ച, പുരോഗതി, യുദ്ധം എന്നിവയാണ്‌. ഇവയില്‍ യുദ്ധം എന്ന പദവുമായുള്ള ആണവോര്‍ജ്ജത്തിന്റെ ചാര്‍ച്ചയിലാണ്‌ ഭാഷയുടെ ഇടപെടല്‍ യുങ്ങ്‌ കണ്ടെത്തുന്നത്‌. ആരോഗ്യകരമായ പ്രകൃതിദത്ത ഊര്‍ജ്ജത്തെ ദുരുപയോഗം ചെയ്യാനുള്ള പ്രേരണ ഭാഷയുടെ കൂടി ഇടപെടല്‍ മൂലമാണെന്നാണ്‌ അദ്ദേഹത്തിന്റെ വാദം. മൈക്കല്‍ ഹാലിഡേയുടെ നിരീക്ഷണങ്ങളില്‍(2001: 175-202) പ്രയുക്തഭാഷാശാസ്‌ത്രത്തിന്‌ പാരിസ്ഥിതികപ്രശ്‌നങ്ങളിലുള്ള ഉത്തരവാദിത്വം എന്തെന്നു വ്യക്തമായിരുന്നു. ഭാഷാവ്യവസ്ഥയ്‌ക്കു നേരെയുള്ള കടുത്തവിമര്‍ശനവുമായാണ്‌ അദ്ദേഹം രംഗത്തെത്തിയത്‌. ഭാഷയുടെ പദകോശവും വ്യാകരണവുമാണ്‌ നമ്മുടെ അനുഭവങ്ങളെ പരുവപ്പെടുത്തുന്നതെന്ന്‌ ആവര്‍ത്തിച്ചുകൊണ്ടാണ്‌ തന്റെ ഭാഷാവിമര്‍ശം അദ്ദേഹം ആരംഭിക്കുന്നത്‌. യാഥാര്‍ത്ഥ്യമെന്നത്‌ നേരത്തേതന്നെ നമുക്കായി ഒരുക്കിവച്ചിരിക്കുന്നതോ അര്‍ത്ഥകല്‌പനയ്‌ക്കായി കാത്തിരിക്കുന്നതോ ആയ ഒന്നല്ല. യാഥാര്‍ത്ഥ്യനിര്‍മ്മിതിയുടെ ഘട്ടത്തിലാണ്‌ ഭാഷതന്നെയും ഉരുവം കൊള്ളുന്നത്‌. തങ്ങള്‍ ജീവിക്കുന്ന പരിസരങ്ങളെ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും തങ്ങള്‍ക്കനുകൂലമാക്കാനുംവേണ്ടി മനുഷ്യര്‍ ഭാഷ ഉപയോഗിക്കുന്നുവെന്ന്‌ ഹാലിഡേ സിദ്ധാന്തിക്കുന്നു. ഉല്‍പ്പാദനരീതികളേയും ഉപാധികളേയും ആശ്രയിച്ചുകൂടിയാണ്‌ ഒരു പ്രത്യേക ചരിത്രഘട്ടത്തിലെ വ്യാകരണത്തിന്റെ അര്‍ത്ഥനിര്‍മ്മിതി സാധ്യമാകുന്നത്‌. മാറുന്ന ഭൗതികസാഹചര്യങ്ങളും ഭാഷാവ്യാകരണവും തമ്മിലുള്ള ബന്ധം തികച്ചും സങ്കീര്‍ണ്ണമാണ്‌. ചരിത്രസാഹചര്യങ്ങള്‍ക്കപ്പുറം നിന്നുകൊണ്ട്‌ ഭാഷയിലെ അര്‍ത്ഥജനനപ്രക്രിയകള്‍ (semiogenesis) മനസ്സിലാക്കാനാവില്ല. അതുകൊണ്ട്‌ ഭാഷ, ഒരേസമയം യാഥാര്‍ത്ഥ്യത്തിന്റെ ഭാഗവുമാണ്‌, യാഥാര്‍ത്ഥ്യത്തെ പരുവപ്പെടുത്തുന്ന ഒരു വാഹകവുമാണ്‌, അതേസമയം അത്‌ യാഥാര്‍ത്ഥ്യത്തിന്റെ രൂപകവുമാണ്‌. ഈ സങ്കീര്‍ണ്ണവ്യാപാരത്തെ അതിന്റെ ഊരാക്കുടുക്കുകളോരോന്നായി വിടുര്‍ത്തിയെടുത്തുവേണം ഒരു ഭാഷാപഠിതാവ്‌ സമീപിക്കാന്‍. ചരിത്രസന്ധികളിലെ നിര്‍ണ്ണായകഘട്ടങ്ങളിലോരോന്നിലും അര്‍ത്ഥത്തിന്റെ വഴികളിലുണ്ടായ മാറ്റം തിരിച്ചറിയേണ്ടതുണ്ട്‌. വേട്ടയാടിയും പെറുക്കിത്തിന്നും ജീവിച്ചിരുന്ന നാടോടിക്കാലത്തുനിന്നും കൃഷിയും കാലിമേക്കലുമടങ്ങുന്ന ജീവിതരീതിയിലേക്കു മാറിയപ്പോള്‍ അഥവാ ഒരിടത്ത്‌ കുറച്ചുകാലത്തേക്കെങ്കിലും സ്ഥിരവാസമുറപ്പിക്കേണ്ടിവന്നപ്പോള്‍, പുതിയൊരു ആശയവിനിമയവ്യാപാരത്തിന്‌ തുടക്കമിടുകയായിരുന്നു. അതാണ്‌ ആലേഖനസമ്പ്രദായത്തിനു നിമിത്തമായത്‌. അതോടൊപ്പം വ്യാകരണവും ആവിര്‍ഭവിച്ചു. വ്യാകരണം ഭാഷാപ്രയോഗങ്ങളെ വര്‍ഗ്ഗീകരിക്കാന്‍ ശ്രമിച്ചതോടെ അവ കുറിക്കുന്ന യാഥാര്‍ത്ഥ്യവും വര്‍ഗ്ഗീകരിക്കപ്പെട്ടു. അതോടെ സാമൂഹികബന്ധങ്ങള്‍ സ്ഥാപനവല്‍ക്കരിക്കപ്പെടുകയും ചെയ്‌തുവെന്ന്‌ ഹാലിഡേ നിരീക്ഷിക്കുന്നു.
വളര്‍ച്ചാവാദം, ലിംഗ-വര്‍ഗ്ഗ പക്ഷപാതം, തുടങ്ങിയവയുടെ പ്രത്യയശാസ്‌ത്രവിവക്ഷകള്‍ ഭാഷാവ്യാകരണങ്ങളില്‍ത്തന്നെ ഉള്ളടങ്ങിയിരിക്കുന്നുവെന്ന്‌ അദ്ദേഹം ചുണ്ടിക്കാട്ടി. പ്രകൃതിവിഭവങ്ങള്‍ അപരിമിതമാണെന്ന ധാരണയിലാണ്‌ അവയെക്കുറിക്കുന്ന ഭാഷാപദങ്ങളെ നാം മേയനാമങ്ങള്‍ എന്നുവിളിക്കുന്നത്‌. എണ്ണ, ഊര്‍ജ്ജം, ജലം, വായു തുടങ്ങിയ വിഭവങ്ങളെല്ലാം യാതൊരു ദാക്ഷിണ്യവുമില്ലാതെ ഊറ്റിയെടുക്കുന്ന മനുഷ്യന്‌ ഭാഷാപക്ഷത്തുനിന്നു സഹായിക്കുന്നവയായിരുന്നു ഇത്തരം വ്യാകരണകാര്യങ്ങള്‍. അതുപോലെത്തന്നെ ഏറ്റക്കുറച്ചിലുകളെ താരതമ്യം ചെയ്യുന്ന വിരുദ്ധജോടികളില്‍ വളര്‍ച്ചയെ സൂചിപ്പിക്കുന്ന പദങ്ങള്‍ നിഷ്‌പക്ഷമായും നിലവാരമായും ഉപയോഗിക്കുന്നതിനേയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്‌. ?കാറിന്റെ വേഗത? എന്നു പറയുന്നതുപോലെത്തന്നെ ?ഒച്ചിന്റെയും വേഗത?യെക്കുറിച്ചും സംസാരിക്കുമ്പോള്‍ വേഗം/മെല്ലെ എന്ന ജോടിയില്‍ ആദ്യത്തേത്‌ നിലവാരപദമായി(standard) സ്വീകരിക്കപ്പെടുന്നു.
ഉയരമുള്ള കെട്ടിടം ഉയരം കുറഞ്ഞയാള്‍
സ്ഥലത്തിന്റെ വിസ്‌താരം വിസ്‌താരം കുറഞ്ഞ മുറി
കട്ടിയുള്ള പുസ്‌തകം കട്ടികുറഞ്ഞ കടലാസ്‌
ഇങ്ങനെ ഭാഷയിലെ വിശേഷണങ്ങള്‍ക്കൊക്കെയും വളര്‍ച്ചാവാദത്തിന്റെ ബാധയുണ്ടെന്നും നിഷ്‌കളങ്കമായ ഒരു ധര്‍മ്മമല്ല അവ നിര്‍വ്വഹിക്കുന്നതെന്നും ഹാലിഡേ വ്യക്തമാക്കുന്നു. ?രോഗം? എന്നവാക്കില്‍നിന്നാണ്‌ നാം ?ആരോഗ്യം? ഉണ്ടാക്കിയത്‌. അതില്ലാത്ത അവസ്ഥയ്‌ക്ക്‌ വീണ്ടും നാം മറ്റൊരു വാക്കുകണ്ടുപിടിക്കേണ്ടിവന്നു, ?അനാരോഗ്യം?. ഇവിടെ രോഗവും അനാരോഗ്യവും തമ്മില്‍ അടിസ്ഥാനപരമായ ഒരു വ്യത്യാസം സൃഷ്ടിക്കപ്പെടുന്നുണ്ട്‌. വീക്ഷണകോണിലെ വ്യതിയാനമാണത്‌.
മറ്റൊരു മേഖല ഭാഷയിലെ സര്‍വ്വനാമവ്യവസ്ഥയാണ്‌. മനുഷ്യരൊഴികെയുള്ള എല്ലാ ചേതനാചേതനങ്ങളേയും നാം ?അത്‌/അവ? എന്ന ഒരൊറ്റ സര്‍വ്വനാമഗണത്തിലാണ്‌ പെടുത്തുക. മഹാജീവലോകത്തെയപ്പാടെ നിര്‍ജ്ജീവകോടിയില്‍ തള്ളുവാനും അതുവഴി മനുഷ്യന്‍ മാത്രമാണ്‌ ഭൂമിയുടെ യഥാര്‍ത്ഥ അവകാശി എന്നു സ്ഥാപിക്കുവാനും നിര്‍ദ്ദോഷമെന്നു തോന്നുന്ന ഒരു സര്‍വ്വനാമവ്യവസ്ഥ സഹായിക്കുന്നതിങ്ങനെയാണ്‌. ക്രിയാപദങ്ങളില്‍ത്തന്നെ മനുഷ്യനു മാത്രം ചെയ്യാനാവുന്ന ക്രിയകള്‍ അനവധിയാണ്‌. ചിന്തിക്കുക, അറിയുക, വിശ്വസിക്കുക, സഹതപിക്കുക, തുടങ്ങി ഒട്ടേറെ മാനുഷികവ്യാപാരങ്ങള്‍ മറ്റു ജീവലോകത്തിന്‌ വിലക്കപ്പെട്ടിരിക്കുകയാണ്‌. അവര്‍ക്കാകട്ടെ നാം കനിഞ്ഞുനല്‍കിയിട്ടുള്ളത്‌ ഇരതേടലും ഇണചേരലും പോലുള്ള ചുരുക്കം ചില ?മൃഗീയ?ചോദനകള്‍മാത്രം. സൃഷ്ടികളില്‍വച്ച്‌ മനുഷ്യനെ മാത്രം വ്യവച്ഛേദിക്കുന്ന ഈ സമീപനം ഭാഷയിലെ മനുഷ്യകേന്ദ്രീകരണ(anthropocentrism)ത്തിന്റെ ഉത്തമദൃഷ്ടാന്തമാണ്‌. ഹരിതഭാഷാപഠിതാക്കള്‍ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്നതും ഈ മേഖലയിലേക്കാണ്‌.
മനുഷ്യഭാഷയും മൃഗഭാഷയും തമ്മിലുള്ള അടിസ്ഥാനവ്യത്യാസങ്ങള്‍ പഠിച്ചുകൊണ്ടാണ്‌ ഇന്നും ഭാഷാശാസ്‌ത്രം അതിന്റെ വിഷയികളെ സൃഷ്ടിക്കുന്നത്‌. പാഠ്യപദ്ധതിയുടെ വസ്‌തുനിഷ്‌ഠതയ്‌ക്കപ്പുറം അത്‌ എങ്ങനെ മനുഷ്യകേന്ദ്രിതമായ ഒരു ദര്‍ശനം പ്രചരിപ്പിക്കുന്നുവെന്നാണ്‌ ശ്രദ്ധിക്കേണ്ടത്‌. ഭാഷ ഒരു മാനുഷികസിദ്ധിയാണെന്നും, ഭാഷാര്‍ജ്ജനശേഷി മനുഷ്യനുമാത്രം ജന്മസിദ്ധമാണെന്നും നവീനഭാഷാശാസ്‌ത്രം ഉരുവിട്ടുപഠിപ്പിക്കുന്നതിന്റെ ധ്വനികള്‍ എത്രമാത്രം പ്രകൃതിവിരുദ്ധമാണെന്നോര്‍ക്കുക. ഭാഷയിലെ പ്രകൃതിവിരുദ്ധതയും മനുഷ്യകേന്ദ്രീകരണവും തിരുത്തേണ്ടതുണ്ടോ എന്ന ചോദ്യം ഇന്ന്‌ സംഗതമാണ്‌. മനുഷ്യഭാഷ നൈസര്‍ഗ്ഗികമായിത്തന്നെ ഉണ്ടായതാണെന്നും അതിനുവന്നിട്ടുള്ള പോരായ്‌മകള്‍ മനുഷ്യസമൂഹങ്ങളുടെ അടിസ്ഥാനവൈരുദ്ധ്യങ്ങള്‍ മൂലമാണെന്നും അതിനെക്കുറിച്ച്‌ ഭാഷകരെ ബോധ്യപ്പെടുത്തുന്നതോടെ ഹരിതഭാഷാപഠിതാവിന്റെ ദൗത്യം തീരുകയാണെന്നും വേണമെങ്കില്‍ കരുതാം. ഗോട്‌ലി (1996:552)യെപ്പോലുള്ളവര്‍ വിശ്വസിക്കുന്നത്‌ ഭാഷ, കാലക്രമത്തില്‍ പാരിസ്ഥിതികമായ ഉള്‍ക്കാഴ്‌ചകളുടെ അടിസ്ഥാനത്തില്‍ സ്വാഭാവികമായിത്തന്നെ പരിഷ്‌ക്കരിക്കപ്പെടുമെന്നാണ്‌.
ഹരിതഭാഷാപഠനം മറ്റൊരുതരം ഭാഷാതനിമാവാദമാണെന്ന്‌ ആരോപണമുണ്ട്‌. ഭാഷയുടെയും ജീവിതത്തിന്റെയും പവിത്രവും നിഷ്‌ക്കളങ്കവുമായ ഒരു ഭൂതകാലം പുനരാനയിക്കുകമാത്രമേ നാം ചെയ്യേണ്ടതുള്ളൂ എന്നതുപോലുള്ള മൗലികവാദങ്ങള്‍ എന്തായാലും അവിടെ കാണാനില്ലതന്നെ. ആധുനികമാനവികശാസ്‌ത്രങ്ങള്‍ കാര്യകാരണബന്ധം സംബന്ധിച്ച കേവലയുക്തികളില്‍ ഊന്നുമ്പോള്‍ ഈ പഠനശാഖ അവയില്‍ നിന്നും പൂര്‍ണ്ണമായും വിടുതല്‍ നേടുന്നതുകാണാം. പകരം പാരസ്‌പര്യം, ദ്വന്ദ്വാത്മകത, ശൃംഖലാസഞ്ചയനം തുടങ്ങിയ പുതിയ പദാവലികള്‍ കേന്ദ്രത്തിലെത്തുകയാണിവിടെ. പ്രേഷകന്‍ - സന്ദേശമാധ്യമം - സ്വീകര്‍ത്താവ്‌ എന്നുള്ള പരമ്പരാഗത ആശയവിനിമയ സഞ്ചാരം പുതിയ പരിപ്രേക്ഷ്യത്തില്‍ നോക്കിക്കാണേണ്ടതിന്റെ ആവശ്യകതയും ഹരിതഭാഷാപഠനം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്‌.
ഭാഷയുടെ മനുഷ്യകേന്ദ്രീകരണത്തില്‍നിന്നു വ്യത്യസ്‌തമായി മറ്റൊരുതരം മനുഷ്യവല്‍ക്കരണം ചില ഗോത്രഭാഷകളില്‍ കാണപ്പെടുന്നുണ്ട്‌. മനുഷ്യനെപ്പോലെയോ അതിനേക്കാള്‍ കരുത്തുറ്റതോ ആയ ആത്മാക്കള്‍ മൃഗങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും ഉള്ളതായി അവര്‍ വിശ്വസിക്കുന്നു. അവയുമായുള്ള പാരസ്‌പര്യത്തിലാണ്‌ മനുഷ്യന്റെ നിലനില്‍പ്പുതന്നെ. അതെങ്ങാനും വിച്ഛേദിക്കപ്പെട്ടാല്‍ കൊടിയ വിപത്താണ്‌ മനുഷ്യന്‌ നേരിടേണ്ടിവരിക. പൂക്കള്‍ക്കും പറവകള്‍ക്കും തരുലതാദികള്‍ക്കും ആത്മാവും വികാരവും കോപവും വാത്സല്യവും ആരോപിക്കുന്ന ഈ ലോകവീക്ഷണം മനുഷ്യകേന്ദ്രിതമല്ലെങ്കിലും മറ്റൊര്‍ത്ഥ ത്തില്‍ മനുഷ്യത്വാരോപ(anthropomorphism)മാണെന്നു കാണാം. മനുഷ്യനു തത്തുല്യമായ വികാരവിചാരങ്ങള്‍ അവയ്‌ക്കുമേല്‍ ആരോപിക്കപ്പെടുകയും അതുവഴി ഒരു സഹജീവനം സാധ്യമാക്കുകയുമാണവിടെ. അഭിനവസാങ്കേതികത സൃഷ്ടിക്കുന്ന ശകലിതമായ പ്രപഞ്ചവീക്ഷണവും എന്നാല്‍ അതിനു കടകവിരുദ്ധമായി അവയ്‌ക്കെല്ലാം അധിനാഥനായൊരു മനുഷ്യനും പകരം ഈ ഗോത്രവര്‍ഗ്ഗക്കാര്‍ സാകല്യദര്‍ശനത്തിനുള്ള കരുക്കളായാണ്‌ ഭാഷയെ കാണുന്നത്‌. നാടോടി വിശ്വാസങ്ങളിലും ആചാരങ്ങളിലും സമൃദ്ധമായി കാണുന്നതും അചേതനവസ്‌തുക്കള്‍ക്ക്‌ മനുഷ്യത്വം ആരോപിക്കുന്നതുമായ ഈ പ്രപഞ്ചവീക്ഷണത്തെ ശാസ്‌ത്രം അന്ധവിശ്വാസമായാണ്‌ ചിത്രീകരിക്കാറുള്ളത്‌. എങ്കിലും അത്തരം അന്ധമോ ബധിരമോ ആയ വിശ്വാസങ്ങളുടെ അന്തര്‍ദ്ധാരയായിരിക്കണം അന്തമറ്റ പ്രകൃതിചൂഷണത്തില്‍ നിന്നും ഒരുപരിധിവരെയെങ്കിലും ഇന്ത്യക്കാരെ വിലക്കിയത്‌. അനിശ്ചിതത്വസിദ്ധാന്തത്തിന്റെ ആചാര്യനായ ഹൈസന്‍ബര്‍ഗ്‌ ശാസ്‌ത്രലോകത്തോടു നടത്തിയ അഭ്യര്‍ത്ഥന ഇവിടെ സാര്‍ത്ഥകമാവുകയാണ്‌. ഈ അണ്ഡകടാഹത്തെയാകെ സാകല്യരൂപത്തിലാണ്‌ ഉള്‍ക്കൊള്ളേണ്ടതെന്നും അല്ലാതെ ശാസ്‌ത്രീയത നമുക്കു സമ്മാനിക്കുന്ന ശകലിതവും ദുരുപദിഷ്ടവുമായ പ്രപഞ്ചവീക്ഷണം നമ്മെ മഹാദുരന്തങ്ങളിലേക്കാണ്‌ വഴിനയിക്കുന്നതെന്നും ആയിരുന്നു ഹൈസന്‍ബര്‍ഗ്ഗിന്റെ താക്കീത്‌.

പുതിയൊരു പച്ചമലയാളം

പാരിസ്ഥിതികമായ അവബോധങ്ങളുടെ വെളിച്ചത്തില്‍ ഭാഷാവ്യാകരണങ്ങളെ തിരുത്തിയെഴുതേണ്ടതിന്റെ ആവശ്യകത ഉയര്‍ന്നുവന്നപ്പോഴാണ്‌ ഹരിതവ്യാകരണം എന്ന ആശയം പ്രത്യക്ഷപ്പെട്ടത്‌(Goatly 2001: 203). മലയാളസാഹചര്യത്തില്‍ വ്യാകരണത്തിലെ ചില പച്ചപ്പുകളെക്കുറിച്ചുള്ള അന്വേഷണം അര്‍ത്ഥവത്താകുന്ന സന്ദര്‍ഭമാണിത്‌. മനുഷ്യനുവേണ്ടി മാത്രം ഒച്ചവെക്കുന്ന ഒരു കപടഭാഷയുടെ സ്ഥാനത്ത്‌ സാകല്യദര്‍ശനത്തിന്റെ പുതിയ വാങ്‌മയങ്ങള്‍ എഴുതിച്ചേര്‍ക്കേണ്ടിയിരിക്കുന്നു. സ്‌ത്രീവാദവും പാരിസ്ഥിതികസ്‌ത്രീവാദവും(ecofeminism) ഭാഷയെ പുതിയ ഉള്‍ക്കാഴ്‌ചകളുടെ വെളിച്ചത്തില്‍ തിരുത്തിയെഴുതാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്‌. കേവലമായ പരിഷ്‌ക്കരണങ്ങള്‍കൊണ്ടോ ഏതെങ്കിലും ചില രൂപങ്ങള്‍ തിരുത്തിയെഴുതിയതുകൊണ്ടോ നിവര്‍ത്തിക്കാവുന്ന പിഴവുകളല്ല നാം നാളിതുവരെ ചെയ്‌തുകൂട്ടിയിട്ടുള്ളത്‌. ഭാഷയേയും പ്രകൃതിയേയും പരിസരത്തേയും സഹജീവികളേയും സാകല്യതാബോധംകൊണ്ടു തെളിഞ്ഞ കണ്ണുകൊണ്ട്‌ നോക്കിക്കാണണമെങ്കില്‍ വ്യാകരണം(ജീവിതതത്വം എന്ന വിശാലമായ അര്‍ത്ഥത്തില്‍) തന്നെ തിരുത്തിയെഴുതേണ്ടിയിരിക്കുന്നു. ഹരിതാവബോധം കൊണ്ടു തെളിയിച്ചെടുത്ത അത്തരമൊരു വ്യാകരണവും ഭാഷയുമാണ്‌ ഇന്ന്‌ നമുക്കാവശ്യം.
വ്യാകരണത്തിലെ സംവര്‍ഗ്ഗങ്ങളില്‍ ബോധപൂര്‍വ്വമായോ അല്ലാതെയോ പ്രത്യക്ഷപ്പെടുന്ന ചില രൂപകങ്ങള്‍ എടുത്തു പരിശോധിക്കുന്നത്‌ ഇവിടെ സംഗതമാണ്‌. പ്രകൃതി - പ്രത്യയം എന്ന സംവര്‍ഗ്ഗത്തില്‍ സ്വാഭാവികമെന്നോ ആദിമമെന്നോ മാറ്റംവരാത്തതെന്നോ ഒക്കെ അര്‍ത്ഥധ്വനികളുള്ള ഒരു ഗണമാണ്‌ പ്രകൃതി. ഇംഗ്ലീഷില്‍ അത്‌ 'root' ആണെങ്കില്‍ പ്രത്യയം ചേര്‍ക്കാനായി സജ്ജമായ രൂപത്തെ 'stem' എന്നാണ്‌ ചിത്രീകരിച്ചിട്ടുള്ളത്‌. വിത്തും വൃക്ഷവും കേരളപാണിനിയുടെ ഇഷ്ടരൂപകമാണ്‌. പലപ്പോഴായി അദ്ദേഹം അത്‌ തന്റെ കൃതിയില്‍ ഉപയോഗിക്കുന്നതുകാണാം. സംസ്‌കൃതത്തിലെ സ്വരവും വ്യഞ്‌ജനവും തമിഴര്‍ക്ക്‌ ഉയിരും മെയ്യുമാകുന്നതിലും മനുഷ്യത്വാരോപത്തിന്റെ തെളിമയുണ്ട്‌. നാമം എന്ന വാക്കിന്‌ ?നമിക്കുന്നത്‌? എന്ന്‌ അര്‍ത്ഥം കൊടുക്കുമ്പോഴുള്ള വിദൂരവ്യംഗ്യങ്ങള്‍ പുതിയ പരിപ്രേക്ഷ്യത്തില്‍ പരിശോധിക്കേണ്ടതായിവരുന്നു. ഭാഷകനാണോ വസ്‌തുവാണോ നമിക്കുന്നത്‌ എന്ന അര്‍ത്ഥത്തില്‍.
പ്രാചീന തമിഴ്‌ വ്യാകരണമായ തൊല്‍ക്കാപ്പിയത്തിന്റെ ദര്‍ശനം പ്രസക്തമാകുന്നത്‌ ഈ ഘട്ടത്തിലാണ്‌. തൊല്‍ക്കാപ്പിയം ഭാഷയേയും സാഹിത്യത്തേയും കാണുന്നത്‌ മനുഷ്യന്റെ കണ്ണിലൂടെയല്ല. സമഗ്രമായ ഒരു പ്രകൃതിസത്തയുടെ പ്രസരം മനുഷ്യന്റെ എക്കാലത്തേയും വിസ്‌മയഗ്രന്ഥമായ അതിലുണ്ട്‌. സാഹിത്യത്തിലെ ഏറ്റവും സൂക്ഷ്‌മമായ അര്‍ത്ഥലാഞ്‌ഛനകളെപ്പോലും ഇഴപിരിച്ചെടുത്ത്‌ പ്രകൃതിയിലെ ഓരോ അംശത്തോടും സമന്വയിപ്പിക്കുന്ന അനന്വയമായ രീതിയിലാണ്‌ തൊല്‍ക്കാപ്പിയം രചിച്ചിട്ടുള്ളത്‌. ദ്രാവിഡപ്രകൃതിയെ അതിന്റെ ഏറ്റവും സൂക്ഷ്‌മവും വിശാലവുമായ തലത്തില്‍ തൊട്ടറിഞ്ഞ ഒരാള്‍ക്കുമാത്രമേ ഇത്തരമൊരു ഗ്രന്ഥം രചിക്കാനാവൂ. വ്യാകരണത്തെ കേവലനിര്‍ദ്ദേശാത്മകതയില്‍ നിന്നു വിമോചിപ്പിച്ച്‌ എന്നും പുതുമകളും അനന്യതയും മാത്രം പ്രദര്‍ശിപ്പിക്കുന്ന പ്രകൃതിയുടെ മര്‍മ്മമറിയാനുള്ള അന്വേഷണമായി മാറ്റുവാനുള്ള ശ്രമമായാണ്‌ തൊല്‍ക്കാപ്പിയം രചിക്കപ്പെട്ടിട്ടുള്ളത്‌. ദ്രാവിഡസൗന്ദര്യശാസ്‌ത്രമെന്നൊരു കള്ളിയിലൊതുക്കി അതിന്റെ മൗലികതയും സാകല്യസന്ദേശവും കളയാതിരിക്കേണ്ട കടമ തൊല്‍ക്കാപ്പയത്തിന്റെ പ്രയോക്താക്കളുടേതാണ്‌.
മലയാളത്തില്‍ അര്‍ത്ഥംകൊണ്ട്‌ ഏറ്റവും സര്‍ഗ്ഗാത്മകമായ ഒരു വാക്കാണ്‌ ?പച്ച? എന്നത്‌. ശബ്ദതാരാവലി(1987[1923]: 1137)യില്‍ അതിനുകൊടുത്തിട്ടുള്ള അര്‍ത്ഥവിവക്ഷകള്‍ ഇവയാണ്‌: (വി.)പഴുക്കാത്ത, ഇളയ, പുതിയ, വേവിക്കാത്ത, ഉണങ്ങാത്ത, പച്ചനിറമുള്ള, തെറിയായ; (നാ.) പാകമാകാത്തത്‌, സപ്‌തവര്‍ണ്ണങ്ങളിലൊന്ന്‌, മരതകക്കല്ല്‌, ഒരുതരം തുളസി, ജീവന്‍, ചൊടി, സ്വത്ത്‌, സ്വതേയുള്ള പ്രകൃതി, തനിനിറം, ഐശ്വര്യം, നിറവ്‌, ചാണകം, പയറ്‌, ഒരുതരം ചുട്ടി, അസഭ്യവാക്ക്‌, പുതുവെള്ളം... അങ്ങിനെയങ്ങിനെ. ഇവയുടെ ഇങ്ങേയറ്റത്താണ്‌ നമ്മുടെ കാവ്യചരിത്രത്തില്‍ അതിനു കൈവന്ന മറ്റൊരു അര്‍ത്ഥാന്തരം: പച്ചമലയാളപ്രസ്ഥാനം. സാഹിത്യഭാഷയുടെ ഒരു നയപ്രഖ്യാപനസന്ദര്‍ഭമായിരുന്നു അത്‌.
ഹരിതഭാഷാവബോധത്തിന്റെ ഈ ചരിത്രസന്ധിയില്‍ നമുക്ക്‌ വീണ്ടുമൊരിക്കല്‍ക്കൂടി ആ പദം പുതിയ അര്‍ത്ഥത്തില്‍ സ്വീകരിക്കേണ്ടിവരികയാണ്‌. മനുഷ്യകേന്ദ്രിതവ്യവഹാരങ്ങളില്‍ നിന്നു വിമുക്തമായി, സാകല്യദര്‍ശനത്തിന്റെ പുതിയ പച്ചപ്പുകളിലേക്ക്‌ സ്വച്ഛന്ദസഞ്ചാരം സാധ്യമാക്കുന്ന പുതിയൊരു ?പച്ചമലയാളം? നമുക്കു നിര്‍മ്മിക്കേണ്ടിയിരിക്കുന്നു.

__________________________
Reference:


Fill, Alwin and Peter Muhlhausler (eds.) 2001 The Ecolinguistics Reader: Language, Ecology and Environment, London: Continuum
Goatly, Andrew 2001 Green Grammar and Grammatical Metaphor, or Language and Myth of Power, or Metaphors We Die By, in Fill and Muhlhausler (Eds.) 2001: 203-225
Halliday, Michael 2001 The New Ways of Meaning, in Fill and Muhlhausler (Eds.) 2001: 170-202
Ilakkuvanar, Prof. S., 1963 Tholkkappiyam in English with Critical Studies, Madurai: Kural Neri Publishing House
Ilayaperumal, M. and S.G. Subramaniapillai, 1961, Tholkkappiyam(in Malayalam), Trivandrum: Saraswathi Nivas
Jung, Matthias 2001 The Ecological Criticism of Language, in Fill and Muhlhausler, (Eds.) 2001: 270-283
Padmanabhapillai, Sreekantheswaram G. 1987 (1923) Sabdataaravali, Kottayam: National Book Stall
Rajarajavarma, A.R. 1970 (1895) Keralapaniniyam, Kottayam: NBS
Sapir, Edward 2001 (1912) ?Language and Environment?, in Fill, Alwin and Peter Muhlhausler (eds.)
Voegelin, C.F., and F.M., and Noel W. Shutz. Jr. 1967 The Language Situation in Arizona as part of the Southwest Culture Area: Studies in Southwestern Ethnolinguistics, The Hague: Mouton

2 comments:

  1. So happy to read this! Finally we come to know about that truth ... Prakruthi thanne ellaam. Naam veRum chooshakanmaar maathram!

    Dear Sreevalsn ... malayalam is waiting for your brain-children ...

    ReplyDelete
  2. അനിവാര്യമായ ലേഖനം.

    ReplyDelete