Monday 2 November 2009

കേരളപാണിനീയത്തിലെ ശബ്ദോല്പത്തി ഒരു പാരിസ്ഥിതിക വിചാരം




കേരളപാണിനീയത്തിലെ ശബ്‌ദോല്‍പ്പത്തി

ഒരു പാരിസ്ഥിതികവിചാരം

ഭാഷകളെ അവ നിലനില്‍ക്കുന്ന പരിസരങ്ങളുമായുള്ള ജൈവബന്ധത്തിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ഹരിതഭാഷാശാസ്‌ത്രം (ecolinguistics) ഉടലെടുക്കുന്നത്‌. ജീവിവര്‍ഗ്ഗങ്ങളും അവയുടെ പരിസ്ഥിതിയുമായുള്ള ബന്ധത്തിന്റെ ഈ മാതൃക നവീനഭാഷാവിജ്ഞാനത്തില്‍ അവതരിപ്പിച്ചത്‌ 1970കളില്‍ എയ്‌നര്‍ ഹോഗനാണ്‌. ഭാഷയെ സംബന്ധിക്കുന്ന ഉപകരണവാദങ്ങള്‍ അരങ്ങുതകര്‍ക്കുന്ന കാലമായിരുന്നു അത്‌. തീ കണ്ടുപിടിച്ചതുപോലെയും കൃഷിയാരംഭിച്ചതുപോലെയും മാനവസംസ്‌കൃതിയുടെ സുപ്രധാനമായ നാഴികക്കല്ലായിട്ടായിരുന്നു ഭാഷോപയോഗത്തെ വ്യാഖ്യാനിച്ചിരുന്നത്‌. ഭാഷയെന്ന അതിശക്തമായ ആയുധമുപയോഗിച്ച്‌ മനുഷ്യന്‍ ലോകത്തെ വ്യാഖ്യാനിക്കാനും പ്രകൃതിയ്‌ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാനും ശ്രമിച്ചതിന്റെ സാക്ഷ്യങ്ങളാണ്‌ മനുഷ്യപുരോഗതി. മാനവികവിഷയങ്ങളുടെ കേന്ദ്രത്തില്‍ അജയ്യമായ ഒരു മനുഷ്യസങ്കല്‌പം സ്ഥാപിക്കപ്പെട്ടതില്‍ ചെറുതല്ലാത്ത ഒരു പങ്ക്‌ ഭാഷയ്‌ക്കുമുണ്ട്‌.
മറ്റുജീവിവര്‍ഗ്ഗങ്ങളില്‍നിന്നും മനുഷ്യന്‍ വ്യത്യസ്‌തനാകുന്നത്‌ അസാമാന്യമായ മസ്‌തിഷ്‌ക്കവികാസവും ചിന്താശേഷിയും മൂലമാണല്ലോ. ഭാഷാനിരപേക്ഷമായ ചിന്ത അസാധ്യമാണ്‌. സംസ്‌ക്കാരത്തിലേക്കുള്ള വളര്‍ച്ച പ്രകൃതിയില്‍നിന്നുള്ള അകല്‍ച്ചകൂടിയാണെന്നു മനസ്സിലാക്കുമ്പോള്‍, ഭാഷാവികാസത്തെ പ്രകൃതിവിരുദ്ധതയുടെ തോതായി അംഗീകരിക്കേണ്ടിവരും. പ്രകൃതിപ്രതിഭാസങ്ങളെ മുഴുവന്‍ മനുഷ്യന്റെ ഉപയോഗിതയുടെ അടിസ്ഥാനത്തില്‍ ഭാഷകൊണ്ടു പേരിട്ടുവിളിച്ചതിലൂടെ പ്രകൃതിയെന്നത്‌ അപരിമിതമായ ഒരു അസംസ്‌കൃതവിഭവമായി മാറി. നാഗരികതയും അതിന്റെ അനുബന്ധവ്യൂഹങ്ങളും ക്രമാതീതമായി വികസിച്ചുവരുമ്പോഴും ഒരു ഘട്ടംവരെ, എത്രയെടുത്താലും തീരാത്തതാണ്‌ പ്രകൃതിവിഭവങ്ങള്‍ എന്നൊരു പ്രതീതിയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ദശകങ്ങളായി പ്രകൃതിയുടെ സ്രോതസ്സുകളെല്ലാം തന്നെ പരിമിതമാണെന്ന ഞെട്ടിക്കുന്ന തിരിച്ചറിവുകള്‍ ശാസ്‌ത്രലോകം വെളിപ്പെടുത്തിത്തുടങ്ങി. മനുഷ്യകേന്ദ്രിതമായി വികസിച്ചുവന്ന സംസ്‌ക്കാരവും നാഗരികതയും വൈജ്ഞാനികമണ്ഡലങ്ങളുമെല്ലാംതന്നെ വീണ്ടുവിചാരത്തിനു തയ്യാറായില്ലെങ്കില്‍ മനുഷ്യന്റെപോലും നിലനില്‍പ്പ്‌ അപകടത്തിലാകുമെന്ന അവസ്ഥയാണിന്ന്‌.
ഭാഷയിലൂടെ രൂപീകരിക്കപ്പെടുന്ന പ്രപഞ്ചദര്‍ശനത്തില്‍ മൗലികമായ മാറ്റം അനിവാര്യമാക്കുന്ന സന്ദര്‍ഭമാണിത്‌. നിലനില്‍ക്കുന്ന ഏതെങ്കിലും ഭാഷയേയോ അതിന്റെ ഘടനയേയോ മാറ്റിപ്പണിയുക എന്ന അസംബന്ധമല്ല ഇവിടെ ഉദ്ദേശിക്കുന്നത്‌. മറിച്ച്‌ ലോകം, പ്രപഞ്ചം, യാഥാര്‍ത്ഥ്യം തുടങ്ങിയ താത്വികസംവര്‍ഗ്ഗങ്ങളെ ഭാഷാനിരപേക്ഷമായ കേവലതകളായി പരിഗണിക്കുന്നതിനുപകരം അവ ഭാഷയാല്‍ പരുവപ്പെടുത്തപ്പെട്ടവയാണെന്നു കൂടി തിരിച്ചറിയണം. അതുകൊണ്ട്‌ അത്തരം സംവര്‍ഗ്ഗങ്ങളില്‍ ഭാഷയുടെ മനുഷ്യകേന്ദ്രീകരണസ്വഭാവവും പ്രകൃതിവിരുദ്ധതയും കടന്നുകൂടാനിടയുണ്ട്‌. ശ്രദ്ധാപൂര്‍വ്വം ഇഴപിരിച്ചെടുക്കേണ്ട ഇക്കാര്യം ഘടനാവാദം തീര്‍ത്തും അപക്വമായാണ്‌ കൈകാര്യം ചെയ്‌തത്‌. ഭാഷയില്‍ അതിന്റെ ഘടനയ്‌ക്ക്‌ അപ്രമാദിത്വം കല്‌പിച്ചു എന്നു മാത്രമല്ല, മറ്റെല്ലാ മണ്ഡലങ്ങളിലേക്കും തികച്ചും പ്രകൃതിവിരുദ്ധവും ഏകപക്ഷീയവുമായ ഭാഷാഘടന അടിച്ചേല്‍പ്പിക്കുകയും ചെയ്‌തതായിരുന്നു ഘടനാവാദത്തിന്റെ ദൗര്‍ബ്ബല്യം.
ഹരിതഭാഷാശാസ്‌ത്രം ഈയര്‍ത്ഥത്തില്‍ ഘടനാവാദത്തില്‍നിന്നും പൂര്‍ണ്ണമായും വിടുതല്‍നേടുന്നു. യാഥാര്‍ത്ഥ്യത്തിനുമേല്‍ ഭാഷയ്‌ക്കുള്ള അവകാശവാദങ്ങളെ ചോദ്യംചെയ്‌തുകൊണ്ടുമാത്രമേ ഇന്നത്തെ ഭാഷാപഠനങ്ങള്‍ക്കു മുന്നേറാനാവൂ എന്നവര്‍ വിശ്വസിക്കുന്നു. ഭാഷോപയോഗത്തിലെ ശരിതെറ്റുകള്‍ നിര്‍ദ്ദേശിക്കുന്ന പരമ്പരാഗതവ്യാകരണസമ്പ്രദായങ്ങളെ വിമര്‍ശനാത്മകമായി മാത്രമേ ഈ ദര്‍ശനത്തിന്‌ സമീപിക്കാനാവൂ. വിവരണാത്മകമോ നിര്‍ദ്ദേശാത്മകമോ ഘടനാത്മകമോ ചരിത്രപരമോ എന്തുമാകട്ടെ അതിന്റെ സമീപനം, അത്‌ ആത്യന്തികമായി മനുഷ്യഭാഷയുടെ സിദ്ധികളേയും സാദ്ധ്യതകളേയും അന്ധമായി വിശ്വസിക്കുന്നു എന്ന അര്‍ത്ഥത്തിലാണ്‌ വ്യാകരണങ്ങളെ ഹരിതഭാഷാവാദികള്‍ ആക്രമിക്കുന്നത്‌.

വ്യാകരണത്തിലെ പ്രകൃതിവിരുദ്ധത

ലോകഭാഷകളെല്ലാം തന്നെ അവയുടെ വളര്‍ച്ചയുടെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ വ്യാകരണത്തിന്റെ ആവശ്യകത നേരിടുന്നുണ്ട്‌. ഭാഷാവികാസത്തിന്റെ ദശയില്‍ ഒരി ലിഖിതഭാഷ വ്യവസ്ഥപ്പെടുത്തുക, ഭാഷാപ്രയോഗത്തിലെ അവ്യവസ്ഥകള്‍ പരിഹരിച്ചുകൊണ്ട്‌ അവയെ മാനകീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ വ്യാകരണനിര്‍മ്മിതിയ്‌ക്കു പിന്നിലുണ്ടാവും. മാനകഭാഷാഭേദത്തെ മറ്റെല്ലാ ഭേദങ്ങള്‍ക്കുംമേല്‍ പ്രതിഷ്‌ഠിച്ചുകൊണ്ട്‌ ഭാഷാപ്രയോഗവൈവിധ്യങ്ങളെ തമസ്‌ക്കരിക്കാനുള്ള ശ്രമങ്ങളും വ്യാകരണങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്‌. ജൈവവൈവിധ്യം പോലെത്തന്നെ ഭാഷാവൈവിധ്യവും ഒരു വ്യൂഹത്തിന്റെ നിലനില്‍പ്പിന്‌ അനിവാര്യമാണെന്ന്‌ ഹരിതഭാഷാവാദികള്‍ താക്കീതുചെയ്യുന്നുണ്ട്‌.
ബി.സി. ആറാംശതകത്തോളം പഴക്കമുള്ള വ്യാകരണപാരമ്പര്യം പാശ്ചാത്യവും പൗരസ്‌ത്യവുമായ ഭാഷകള്‍ക്ക്‌ ഉണ്ടായിട്ടുണ്ട്‌. ആയിരത്താണ്ടുകളായി തുടര്‍ന്നുവരുന്ന ഈ ഭാഷാസമീപനം, ശരിയായ ഭാഷാപ്രയോഗം ലക്ഷ്യമാക്കിക്കൊണ്ട്‌ വിദ്യാഭ്യാസത്തിന്റെ പ്രാഥമികദശയില്‍ത്തന്നെ കുട്ടികള്‍ അഭ്യസിച്ചെടുക്കുകയും ചെയ്യുന്നുണ്ട്‌. മനുഷ്യനെ ഒരു സമൂഹജീവിയായി നിലനിര്‍ത്തുന്നതിലും അവന്റെ/അവളുടെ സ്വതന്ത്രചിന്ത വികസിക്കുന്നതിലും ഭാഷയ്‌ക്കുള്ള സ്ഥാനം ഒട്ടും നിഷേധിക്കാതെതന്നെ വ്യാകരണപഠനത്തിലും ഭാഷാസമീപനത്തിലും ചില മൗലികവ്യതിയാനങ്ങള്‍ വരുത്തേണ്ടതിന്റെ ആവശ്യകതയാണ്‌ ഹരിതഭാഷാശാസ്‌ത്രം ഉന്നയിക്കുന്നത്‌.
വ്യാകരണങ്ങളിലെ പ്രകൃതിവിരുദ്ധാംശങ്ങളും മനുഷ്യകേന്ദ്രീകരണത്തിന്റെ സൂചനകളും തിരിച്ചറിയുക എന്നതാണ്‌ അതിന്റെ ഒന്നാമത്തെ പടി. വ്യാകരണസംവര്‍ഗ്ഗങ്ങളും നിയമങ്ങളും അപവാദങ്ങളും സൂക്ഷ്‌മമായി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മലയാളവ്യാകരണകൃതികള്‍ രീതിശാസ്‌ത്രപരമായ വ്യത്യസ്‌തത പുലര്‍ത്തുമ്പോഴും അടിസ്ഥാനപരമായി അവയ്‌ക്ക്‌ പ്രകൃതിയോടും ജൈവപരിതസ്ഥിതിയോടും എന്തു സമീപനമാണുള്ളതെന്ന്‌ അവലോകനം ചെയ്യാനാണ്‌ ഇവിടെ ശ്രമിക്കുന്നത്‌.

മലയാളവ്യാകരണങ്ങള്‍ കേരളപാണിനീയംവരെ

ബി.സി. രണ്ടാം നൂറ്റാണ്ടോളം പഴക്കമുള്ള, തമിഴ്‌വ്യാകരണവും കാവ്യമീമാംസയും കൈകാര്യം ചെയ്യുന്ന തൊല്‍ക്കാപ്പിയം പ്രകൃതിയുമായുള്ള മനുഷ്യരുടെ പാരസ്‌പര്യം ആഴത്തില്‍ ഉള്‍ക്കൊള്ളുന്ന കൃതിയാണ്‌. എങ്കിലും രൂപിമതലം ചര്‍ച്ചചെയ്യുന്ന ചൊല്ലതികാരത്തിലെ പദപ്രയോഗങ്ങളെ വിവരിക്കുന്ന കിളവിയാക്കം ഒന്നാം സൂത്രം ഇപ്രകാരമാണ്‌. ?മനുഷ്യരെ ഉയര്‍തിണൈ എന്നും മനുഷ്യരല്ലാത്തവയെ (തിര്യക്കുകളെ) അല്‍തിണൈ എന്നും പറയും. പദങ്ങള്‍ ഈ രണ്ടുവിഭാഗങ്ങളെ കുറിക്കും?(ഇളയപെരുമാള്‍, സുബ്രഹ്മണ്യപിള്ള 1961:101). പെയര്‍ (നാമം), വിനൈ(ക്രിയ), ഇടൈ (ദ്യോതകം), ഉരി (ഭേദകം) എന്നിങ്ങനെയുള്ള പദവിഭജനങ്ങള്‍ക്കെല്ലാം ഈ മനുഷ്യ-മനുഷ്യേതരവിഭജനം ബാധകമാണ്‌. പാണിനീയ സമ്പ്രദായം പിന്‍പറ്റിക്കൊണ്ട്‌ പില്‍ക്കാലത്ത്‌ തമിഴില്‍ പ്രത്യക്ഷപ്പെട്ട മറ്റനേകം വ്യാകരണങ്ങളിലും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അടിസ്ഥാനവൈരുദ്ധ്യം പരിഹരിക്കപ്പെട്ടുകാണുന്നില്ല. തൊല്‍ക്കാപ്പിയത്തിന്റെ മാതൃക വീണ്ടെടുത്തുകാണുന്നത്‌ 13-ാം ശതകത്തിലെ നന്നൂലിലും സ്ഥിതി മറിച്ചല്ല.
മലയാളഭാഷയുടെ ആദ്യവ്യാകരണം എന്നുപറയാവുന്നത്‌ പതിനാലാം ശതകത്തില്‍ പ്രത്യക്ഷപ്പെട്ട ലീലാതിലകമാണ്‌. മണിപ്രവാളലക്ഷണഗ്രന്ഥമെന്നു പ്രസിദ്ധമെങ്കിലും പാട്ടിന്റെയും മണിപ്രവാളത്തിന്റെയും ലക്ഷണങ്ങള്‍ വിവരിച്ച്‌ പരോക്ഷമായി കേരളഭാഷയുടെ അസ്‌തിത്വം സ്ഥാപിക്കുകയാണ്‌ ലീലാതിലകം വാസ്‌തവത്തില്‍ ചെയ്‌തത്‌. ആദ്യത്തെ ഭാഷാനയരൂപീകരണം കൂടി അവിടെ നടക്കുന്നുണ്ട്‌. എങ്കിലും വ്യവഹാരഭാഷയും അപാമരജനപ്രസിദ്ധമായൊരു സാന്ദര്‍ഭികഭാഷയും തമ്മില്‍ ലീലാതിലകത്തില്‍ പ്രത്യക്ഷപ്പെടുന്ന വൈരുദ്ധ്യം കേവലം സാമൂഹികസാഹചര്യം മാത്രമായി കാണാനാവില്ലതന്നെ. കൃതിയിലുടനീളം ഗ്രന്ഥകാരന്‍ പുലര്‍ത്തുന്ന ഭാഷാഭിമാനത്തിന്റെ സൂചന ഒരു അഭിജാതമലയാളത്തിന്റെ നിലനില്‍പ്പിനുവേണ്ടിക്കൂടിയാണെന്നു കാണാം.
പതിനെട്ടാം നൂറ്റാണ്ടുമുതല്‍ക്ക്‌ (1799ല്‍ ഡ്രമണ്ടിന്റെ കൃതിയോടെ) പാശ്ചാത്യമിഷണറിമാരുടെ ഭാഷാപരിഷ്‌ക്കരണശ്രമങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. അന്നുവരെ നിലനിന്നിരുന്ന സംസ്‌കൃത വ്യാകരണസ്വാധീനങ്ങളോടൊപ്പം പാശ്ചാത്യപ്രഭാവവും മലയാളവ്യാകരണനിര്‍മ്മിതിയില്‍ പ്രവര്‍ത്തിച്ചതിന്റെ പലതരം മാതൃകകള്‍ പില്‍ക്കാലത്തു പ്രത്യക്ഷപ്പെട്ടു. ശാസ്‌ത്രീയഭാഷാപഠനത്തിന്റെ വാര്‍പ്പില്‍ പ്രത്യക്ഷപ്പെട്ട ഒരു പ്രധാനകൃതിയാണ്‌ ഗുണ്ടര്‍ട്ടിന്റെ മലയാളഭാഷാവ്യാകരണം. സാങ്കേതികപദസ്വീകാരത്തില്‍ നിഴലിക്കുന്ന ഭാഷാദര്‍ശനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പലേടത്തും തമിഴ്‌ പദങ്ങളെ സ്വീകരിക്കുന്ന ഗുണ്ടര്‍ട്ട്‌ രൂപതലത്തേക്കാള്‍ വാക്യവിചാരത്തിന്‌ പ്രാധാന്യം നല്‍കിക്കാണുന്നു. കേരളപാണിനീയത്തിലേക്കുള്ള മലയാളവ്യാകരണപഥത്തിലെ ഈ നാഴികക്കല്ലിനെ ഏ.ആര്‍ പോലും വേണ്ടത്ര ശ്രദ്ധിച്ചുകാണുന്നില്ല. വല്ലിനം, മെല്ലിനം, ഐകാരക്കുറുക്കം, കുറ്റിയലുകരം, തുടങ്ങിയ സംജ്ഞകളെ തമിഴില്‍നിന്നു സ്വീകരിക്കുന്ന ഗുണ്ടര്‍ട്ട്‌ തദ്ദേശീയമായ ഒരു വ്യാകരണദര്‍ശനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയാണ്‌.
മലയാളിയായ ജോര്‍ജ്ജ്‌ മാത്തനാകട്ടെ, പാശ്ചാത്യധാരയുടെ തുടര്‍ച്ചയായിരിക്കുമ്പോള്‍ത്തന്നെ മൗലികമായ പല ഉപദര്‍ശനങ്ങളും തന്റെ കൃതിയില്‍ അവതരിപ്പിക്കുന്നുണ്ട്‌. ശബ്ദങ്ങളെ രുതശബ്ദങ്ങളെന്നും ഗദശബ്ദങ്ങളെന്നും തിരിച്ചതില്‍ത്തന്നെയുള്ള വ്യത്യസ്‌തത ശ്രദ്ധേയമാണ്‌. പക്ഷിമൃഗാദികള്‍ പുറപ്പെടുവിക്കുന്ന രുതശബ്ദങ്ങളില്‍നിന്നും മനുഷ്യഭാഷോച്ചാരണങ്ങള്‍ക്കുള്ള വ്യത്യസ്‌തത അദ്ദേഹം ആധുനികസ്വനവിജ്ഞാനത്തിന്റെ സാങ്കേതികത കലര്‍ത്താതെതന്നെ എടുത്തുകാണിക്കുന്നു. ?പുറമേക്കാണുന്ന വസ്‌തുക്കളെക്കുറിച്ച്‌ നമ്മുടെ ഉള്ളില്‍ത്തോന്നുന്ന രൂപങ്ങളുടെ അടയാളങ്ങളായി? വാക്കുകളെ അദ്ദേഹം(1863(2000):32) നിര്‍വ്വചിക്കുന്നു. പദവിഭജനത്തിലും സംജ്ഞാകല്‌പനയിലും ഒട്ടേറെ മൗലികതകള്‍ അവകാശപ്പെടാവുന്ന മലയാഴ്‌മയുടെ വ്യാകരണവും വേണ്ടത്ര പഠിക്കപ്പെട്ടിട്ടില്ല.

കേരളപാണിനീയത്തിലെ ശബ്ദോല്‍പ്പത്തി

കേരളപാണിനീയത്തിന്റെ പൊതുഘടനയില്‍നിന്ന്‌ ഒട്ടൊക്കെ വേറിട്ടുനില്‍ക്കുന്ന അധ്യായമാണ്‌ ശബ്ദോല്‍പ്പത്തി. വാക്യകാണ്ഡത്തിന്‌ താരതമ്യേന കുറഞ്ഞ പ്രാധാന്യം മാത്രം നല്‍കുകയും അവിടെ ചര്‍ച്ചചെയ്യേണ്ട പല കാര്യങ്ങളും മുന്നധ്യായങ്ങളില്‍ പലയിടത്തും അപഗ്രഥിക്കുകയും ചെയ്യുന്ന ഏ. ആര്‍, ഭാഷാദര്‍ശനത്തേയും ഭാഷാവികസന സങ്കല്‌പത്തേയും വ്യാകരണത്തിന്റെ അനിവാര്യതയായി മനസ്സിലാക്കി അതിനായി ഒരധ്യായം കൊടുക്കുകയാണ്‌. കെ. സുകുമാരപ്പിള്ളയെപ്പോലുള്ളവര്‍, ഇതുപോലൊരു ഗ്രന്ഥത്തില്‍ ശബ്ദോല്‍പ്പത്തിവിചാരം അപേക്ഷിതമാണോ(1980:52) എന്നുപോലും സംശയിക്കുന്നുണ്ട്‌. ഹരിതഭാഷാവലോകനത്തിന്‌ വേണ്ടത്ര കരുക്കള്‍ നല്‍കുന്ന ഒരു ഭാഗമാണ്‌ ഈ അധ്യായമെന്നു കാണാം.
വ്യാകരണപഠനത്തിന്റെ അടിസ്ഥാനമാത്രയായി പദത്തെ പരിഗണിക്കേണ്ടതിന്റെ തത്വമാണ്‌ ഏ. ആര്‍. ആദ്യമേ പറഞ്ഞുവെയ്‌ക്കുന്നത്‌:
?വ്യാകരണമെന്നാല്‍ ഭാഷയുടെ ഉപയോഗത്തെ വ്യവസ്ഥപ്പെടുത്തുന്ന ശാസ്‌ത്രമാണല്ലോ. ഭാഷ എന്നാല്‍ മനോവൃത്തികളെ വെളിപ്പെടുത്തുവാനുള്ള ഉപായം. മനോവൃത്തികള്‍ പ്രപഞ്ചത്തെക്കുറിച്ചു പ്രവര്‍ത്തിക്കുന്നു. പ്രപഞ്ചം ദ്രവ്യം, ക്രിയ, ഗുണം - ഈ മൂന്നു തത്വങ്ങളെക്കൊണ്ടു ചമച്ചതെന്നു സമര്‍ത്ഥിക്കാം. ഏതെങ്കിലും ഒരു ചിത്തവൃത്തിയെ ഒറ്റതിരിച്ചു കാണിക്കുന്നത്‌ ഒരു വാക്യം. ഒരുവാക്യത്തെ കെടുതല്‍ വരാത്ത വിധത്തില്‍ അഴിച്ചാല്‍ (അപോദ്ധരിച്ചാല്‍) കയറില്‍നിന്ന്‌ ചകിരിനാരെന്ന പോലെ പദങ്ങള്‍ കിട്ടുന്നു. അതിനാല്‍ ഭാഷയുടെ നാരായവേര്‍ പദമാകുന്നു?(1917(1997):293).
വാക്യം കയറും പദം അതുനിര്‍മ്മിക്കാനുപയോഗിച്ച ചകിരിനാരും ആണെന്നും ഭാഷയാകുന്ന വൃക്ഷത്തിന്റെ നാരായവേര്‍ പദമാണെന്നും ഉള്ള രണ്ടുരൂപകങ്ങളെ യാണ്‌ ഏ. ആര്‍. ഇവിടെ സമന്വയിപ്പിക്കുന്നത്‌. സങ്കല്‌പനതലത്തില്‍ അവ തമ്മില്‍ ഒരു പൊരുത്തവും കാണുന്നില്ല. ഒന്നാമത്തേത്‌ മനുഷ്യനിര്‍മ്മിതമായ കയര്‍ ആദ്യമേ ഉണ്ടായതിനുശേഷം അതിനെ പിരിച്ച്‌ ചകിരിനാരിലെത്തുകയാണെങ്കില്‍ മറ്റത്‌ പ്രകൃതിയില്‍ സ്വാഭാവികമായ ഒന്നിന്റെ മറഞ്ഞിരിക്കുന്ന ആധാരത്തിലേക്കാണ്‌ ചൂണ്ടുന്നത്‌. 39-ാം കാരികയുടെ വിശദീകരണത്തില്‍ ഏ. ആര്‍. തന്നെ പറഞ്ഞിരിക്കുന്നത്‌ മറ്റൊരു വിധമാണ്‌.
?പദത്തെ ഒരു മരത്തിന്റെ നിലയില്‍ സങ്കല്‌പിക്കുന്നതായാല്‍ പ്രകൃതി എന്നതിനെ ആ മരത്തിന്റെ നാരായവേരായി ഗണിക്കാം. അംഗം എന്നതിനെ തടിയായി വിചാരിക്കാം. പ്രത്യയങ്ങള്‍ മരത്തില്‍ കവരങ്ങളുണ്ടാകുന്നതുപോലെ ഒന്നിനുമേല്‍ ഒന്നായി നില്‍ക്കുന്നവയുമാണ്‌?(1917(1997):120).
പദത്തെ മരമായും നാരായവേരായും ചകിരിനാരായും ഒക്കെ വിവരിക്കുന്നതിലെ വ്യത്യസ്‌തത സാന്ദര്‍ഭികമായിരിക്കാമെന്നു കരുതാമെങ്കിലും അവയൊക്കെയും മനുഷ്യോപയോഗത്തിന്റെ അടിസ്ഥാനത്തില്‍മാത്രം വിലയിരുത്തുന്നതിലാണ്‌ ഹരിതഭാഷയുടെ ഇടപെടല്‍. വേദാന്തികളെപ്പോലെ കേവലമായ രൂപകങ്ങളിലേക്ക്‌ ഒരു വൈയാകരണന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത്‌ ആ ഭാഷാദര്‍ശനത്തിന്റെ സ്വഭാവം വ്യക്തമാക്കാനാണ്‌ സഹായിക്കുക. (ശബ്ദവിഭാഗത്തില്‍ ?പ്രയോഗസജ്ജമായ അക്ഷരസമൂഹം? എന്നാണ്‌ പദത്തെ നിര്‍വ്വചിക്കുന്നത്‌. അതുവിവരിക്കാനായി കൊടുക്കുന്ന രൂപകം ഭക്ഷണം പാകംചെയ്യുന്നതിന്റെയും. ലെവി സ്‌ട്രോസിന്റെ നരവംശപഠനങ്ങളില്‍ പ്രകൃതിയേയും സംസ്‌ക്കാരത്തേയും പച്ചയും വേവിച്ചതും എന്ന ദ്വന്ദ്വത്തിലൂടെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്‌ ഇവിടെ അതേ അര്‍ത്ഥത്തില്‍ പ്രസക്തമാകുന്നു. കേരളപാണിനീയത്തില്‍ ഉപയോഗിച്ചിട്ടുള്ള ഇത്തരം രൂപകങ്ങളെയും ഉദാഹരണങ്ങളേയും മാത്രം അടിസ്ഥാനമാക്കിക്കൊണ്ട്‌ ഒരു പാരിസ്ഥിതികപഠനം സാധ്യമാണ്‌).
പ്രപഞ്ചത്തെക്കുറിച്ചുള്ള മനോവൃത്തികളെ വെളിപ്പെടുത്താനുള്ള ഉപായമായി ഭാഷയെ നിര്‍വ്വചിച്ച ഏ. ആര്‍. തന്നെ അടുത്ത ഖണ്ഡികയില്‍ പദത്തില്‍ നിന്നും പിറകോട്ട്‌ ചെന്ന്‌ അതിനൊരു പ്രകൃതിയും അതിനാധാരമായ പദാര്‍ത്ഥവും അവയ്‌ക്കും പിന്നില്‍ ഒരു സാകല്യപ്രപഞ്ചവും ചിത്രീകരിക്കുന്നതായി കാണാം. തലകീഴായ ഈ പ്രപഞ്ചസങ്കല്‌പം ഭാഷയുടെ പ്രാമാണ്യത്തെയാണ്‌ പരോക്ഷമായി സൂചിപ്പിക്കുന്നത്‌. പ്രപഞ്ചത്തിലുള്ള മൂന്നു തത്വങ്ങളായ ദ്രവ്യം, ക്രിയ, ഗുണം എന്നീ പദാര്‍ത്ഥങ്ങള്‍ക്കെതിരായി ഭാഷയില്‍ സത്ത്വം, ധാതു, ധര്‍മ്മി എന്നീ പ്രകൃതികളാണുള്ളത്‌. പ്രപഞ്ചത്തിലെ ദ്രവ്യങ്ങളെ ബാഹ്യരൂപത്തിലല്ല, അവയുടെ സത്തയിലാണ്‌ ഭാഷയിലൂടെ വെളിപ്പെടുത്തുന്നതെന്ന്‌ ഏ. ആര്‍. സ്ഥാപിക്കുകയാവണം. നാമാദിയാം വിഭാഗത്തിനെല്ലാമര്‍ത്ഥം നിയാമകം എന്ന കാരിക(33)യനുസരിച്ച്‌ ഒരു പദത്തിന്റെ അര്‍ത്ഥമെന്നത്‌ അതിന്റെ സത്തതന്നെയായി ഇവിടെ വ്യാഖ്യാനിക്കുകയാവാം. കാരകപ്രകരണത്തില്‍ ക്രിയയും നാമവും തമ്മിലുള്ള താത്വികവിഭജനം ഇപ്രകാരം വിശദീകരിക്കുന്നു:
ഭൂതമോ ഭാവിയോ വര്‍ത്തമാനമോ ഏതുവിധമായാലും ഒരു പ്രവൃത്തി ഏതുവരെ ഒന്നുകഴിഞ്ഞൊന്ന്‌ എന്ന രീതിയില്‍ അനേകവ്യാപാരങ്ങളുടെ വീചീതരംഗന്യായേന ഉള്ള പ്രവാഹമായിട്ടു നടന്നുവരുന്നതായി നമ്മുടെ ബുദ്ധിയില്‍ തോന്നുന്നുവോ അതുവരെയേ അതിനെ ക്രിയയെന്നു വൈയാകരണന്മാര്‍ വ്യവഹരിക്കുമാറുള്ളൂ. ക്രിയ സിദ്ധമായാല്‍ നാമം തന്നെ. സാദ്ധ്യാവസ്ഥയില്‍ മാത്രമേ ക്രിയാത്വമുള്ളൂ. നാമത്തിന്‌ നമിക്കുന്നത്‌ = വിഭക്ത്യാദ്യര്‍ത്ഥങ്ങളുടെ നേരെ വഴകുന്നത്‌ എന്നാണ്‌ വൈയാകരണന്മാര്‍ വ്യുല്‍പ്പത്തി കല്‌പിക്കുന്നത്‌(1917(1997): 166).
നേരത്തേ കണ്ടതുപോലെ അര്‍ത്ഥമെന്നത്‌ സത്തതന്നെയാണെങ്കില്‍ അതിനുമുന്നില്‍ നമിക്കുന്ന നാമങ്ങള്‍ മനുഷ്യന്റെ വിനയമായി വ്യാഖ്യാനിക്കാവുന്നതാണ്‌. എന്നാല്‍ നാമം ?നമിക്കുന്നത്‌? പ്രപഞ്ചസത്തയ്‌ക്കു മുന്നിലല്ല, വിഭക്തി തുടങ്ങിയ സംബന്ധങ്ങള്‍ക്കുനേരെയാണെന്നു മനസ്സിലാക്കുമ്പോള്‍ ചിത്രം പഴയതുതന്നെയാണെന്നു തീര്‍ച്ചയാക്കാം. ഗുണം എന്ന പദാര്‍ത്ഥത്തിനാധാരമായ ധര്‍മ്മി എന്ന മൂന്നാം പ്രകൃതിയെ ബലാല്‍ക്കാരമായി ധാതുവിലേക്കു തള്ളിക്കയറ്റാനും ഏ. ആര്‍. ശ്രമിക്കുന്നുണ്ട്‌. 34-ാം കാരികയനുസരിച്ച്‌ ഭേദകവും ക്രിയയും തമ്മില്‍ രൂപസാമ്യമുണ്ടെന്നു പറഞ്ഞിട്ടുണ്ടല്ലോ. അര്‍ത്ഥത്തിന്റെ അടിസ്ഥാനത്തിലുള്ള പദവിഭജനത്തില്‍, രൂപസാമ്യത്തിന്റെ പേരില്‍ ധര്‍മ്മിയെ ധാതുവിലേക്കു തള്ളിക്കയറ്റുന്നതിലെ അനൗചിത്യവും ശ്രദ്ധിക്കേണ്ടതാണ്‌. തുടര്‍ന്ന്‌ സംസ്‌കൃതനിരുക്തകാരന്മാരുടെ അഭിപ്രായമനുസരിച്ച്‌ നാമത്തെത്തന്നെ ധാതുവിലേക്ക്‌ ചുരുക്കാനുള്ള നിര്‍ദ്ദേശവും സൂചിപ്പിക്കുന്നുണ്ട്‌. ആ തര്‍ക്കങ്ങള്‍ എന്തുതന്നെയായാലും സത്ത്വവും ധാതുവും തമ്മില്‍ പലപ്പോഴും ഒന്നായിത്തീരുന്ന ഉദാഹരണങ്ങളും ഏ. ആര്‍. പിന്നീട്‌ അവതരിപ്പിക്കുന്നു(1917(1997): 295). ഇതിനും പുറമേയാണ്‌ രൂപഭേദത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ പദങ്ങളെ പ്രകൃതി, പ്രത്യയം, ഇടനില എന്നിങ്ങനെ വിഭജിക്കാന്‍ ശ്രമിക്കുന്നത്‌.
പാണിനീയവിഭജനമനുസരിച്ച്‌ സുബന്തങ്ങളും തിങന്തങ്ങളുമാണ്‌ പദങ്ങള്‍. രൂപങ്ങളോടുചേരുന്ന പ്രത്യയങ്ങളുടെ സ്വഭാവം മാത്രം ഗണിച്ചുള്ള വിഭജനമാണിത്‌. ഗുണ്ടര്‍ട്ടിന്റെ വ്യാകരണത്തില്‍ പദങ്ങള്‍ക്ക്‌ രൂപം, അനുഭവം എന്നീ രണ്ടു തലങ്ങള്‍ തിരിച്ചറിയുന്നുണ്ട്‌ (1851(1991):21). അതില്‍ അനുഭവം എന്ന തലം വാക്യവിചാരത്തിലാണ്‌ അദ്ദേഹം ചര്‍ച്ചചെയ്യുന്നത്‌. കേരളപാണിനീയത്തിലെ സമ്മിശ്രസമീപനങ്ങളുടെ പ്രതിഫലനം മാത്രമാണ്‌ മേല്‍ക്കണ്ട അവ്യവസ്ഥ എന്നു വ്യക്തം. സി. എല്‍. ആന്റണിയെപ്പോലുള്ള വിമര്‍ശകര്‍ ഇവ രണ്ടും ഒരേസമയത്തു പരിഗണിക്കേണ്ടതാണെന്നു പ്രസ്‌താവിക്കുന്നുമുണ്ട്‌(1973(1994):53). പഠിതാവിന്റെ സൗകര്യമല്ല, മറിച്ച്‌ ദാര്‍ശനികനിലപാടാണ്‌ പദവിഭജനത്തില്‍ പ്രസക്തമാകുന്നതെന്ന്‌ ഇത്രയും കൊണ്ട്‌ വ്യക്തമാകുമല്ലോ. കേരളപാണിനീയത്തിലെ പദവിഭജനം അതുകൊണ്ടുതന്നെ പ്രപഞ്ചസാകല്യദര്‍ശനത്തിനുപകരം പരിമിതമായ മനുഷ്യകേന്ദ്രിതവീക്ഷണത്തെയാണ്‌ പ്രതിഫലിപ്പിക്കുന്നതെന്നുകാണാം.

വിവര്‍ത്തനപ്രക്രിയ

ഭാഷാവികസനപ്രക്രിയയുടെ സുപ്രധാനമര്‍മ്മങ്ങള്‍ വ്യക്തമാക്കുന്ന ഭാഗമാണ്‌ ഏ. ആറിന്റെ വിവര്‍ത്തനപ്രക്രിയാവിചാരം. അദ്ദേഹത്തിന്റെ നിര്‍വ്വചനമനുസരിച്ച്‌, രൂപനിഷ്‌പാദനത്തിനുള്ള സൗകര്യത്തിനോ പൊതുവായി നില്‍ക്കുന്ന അര്‍ത്ഥത്തെ വിശേഷപ്പെടുത്താനോവേണ്ടി ഏകാക്ഷരാത്മകമായ മൂലപ്രകൃതിയില്‍ ചെയ്യുന്ന വികാരങ്ങള്‍ക്കാണ്‌ വിവര്‍ത്തനപ്രക്രിയ എന്നു പേര്‍ചെയ്‌തത്‌(1917(1997):297). മൂലപ്രകൃതി എന്ന സങ്കല്‌പം ഭാഷയുടെ സാധ്യതകളുടെ മുഴുവന്‍ ഖനിയായിട്ടാണ്‌ സങ്കല്‌പിക്കപ്പെടുന്നത്‌. അതുകൊണ്ടാവണം വിത്തിന്റെ രൂപകം അദ്ദേഹം ഉപയോഗിക്കുന്നത്‌. (?ബീജത്തില്‍ തരു?വിന്റെ സാധ്യത അദ്ദേഹം അനുപ്രയോഗസന്ദര്‍ഭത്തിലും ഉപയോഗിക്കുന്നുണ്ട്‌(1917(1997):226).) ഭാഷയിലെ എല്ലാ വികാസങ്ങളും അതില്‍ ആദ്യമേയുള്ള സാധ്യതകളുടെ ആവിഷ്‌ക്കാരം മാത്രമാണെന്ന ഒരു ധാരണ ഇതില്‍നിന്നും ഉരുത്തിരിഞ്ഞുവരുന്നതായി കാണാം. ഭാഷയുടെ ആദ്യദശയില്‍ ഏകമാത്രകധാതുക്കള്‍ മാത്രമാണുണ്ടായിരുന്നതെന്നും പിന്നീട്‌ വ്യവസ്ഥാപൂര്‍ണ്ണമായ വ്യാകരണപ്രക്രിയകളുടെ ഫലമായി അവ ആവിഷ്‌ക്കാരപൂര്‍ണ്ണതയിലേക്ക്‌ പുരോഗമിക്കുകയാണെന്നും അദ്ദേഹം വാദിക്കുന്നു.
മൂലഭൂതമായ പ്രകൃതി അവ്യാകൃതമാണ്‌; അത്‌ നാമമോ കൃതിയോ ഭേദകമോ ആയി പരിണമിക്കണമെങ്കില്‍ അതില്‍ ചില വികാരങ്ങള്‍ വരണം(1917(1997):296).
ഒരു ജീവല്‍ഭാഷയുടെ സ്വയംനവീകരണശേഷിയെ ഏ. ആര്‍. മനസ്സിലാക്കുന്ന രീതിയില്‍നിന്നും ഉരുത്തിരിയുന്ന പ്രകൃതിസങ്കല്‌പമാണ്‌ ഇവിടെ പ്രസക്തം. അപരിമിതവും അനന്തവുമായ ഒരു സ്രോതസ്സായാണ്‌ മൂലപ്രകൃതിയെ സങ്കല്‌പിക്കുന്നത്‌. അതിനുമേല്‍ എത്രവേണമെങ്കിലും ഇടപെടലുകള്‍ ആകാം. രൂപനിഷ്‌പത്തിക്കുമുമ്പ്‌ പ്രകൃതി കേവലാവസ്ഥയിലാണെന്നും അര്‍ത്ഥത്തിന്റെ അടിസ്ഥാനത്തില്‍ അവ നാമമായും കൃതിയായും ഭേദകമായും ഉടലെടുക്കുയാണെന്നും അദ്ദേഹം പറയുന്നു. അതിനുള്ള ഉദാഹരണമാകട്ടെ, ?മുട്ടവിരിഞ്ഞ്‌ പൂടമുളച്ച്‌ കുട്ടി കൂവിത്തുടങ്ങിയതിനുമേലേ കാക്കയോ കുയിലോ എന്നു തിട്ടപ്പെടൂ? എന്നും. ക്ലാസ്സുമുറിയിലെ നര്‍മ്മത്തിനായുള്ള ഉദാഹരണമാണെങ്കിലും കാക്കയ്‌ക്കും കുയിലിനും പൊതുവായി ഒരു മുട്ടയുണ്ടാകുമോ എന്നു സംശയം തോന്നുമാറ്‌ ആശയവ്യതിചലനത്തിനുമാത്രമേ ഈ ഉപമ ഉപകരിക്കൂ.

ഭാഷാവികസനസങ്കല്‌പം

ഘട്ടവിഭാഗകല്‌പനയിലും ആറുനയങ്ങളിലും വിവരിച്ചുവന്ന മലയാളഭാഷാപരിണാമത്തിന്റെ ഭാവിയിലേക്കുള്ള സാധ്യതയാണ്‌ ശബ്ദോല്‍പ്പത്തിയില്‍നിന്നും നാം വായിച്ചെടുക്കേണ്ടത്‌. ആഗമം പ്രമാണിച്ച്‌ ശബ്ദങ്ങളെ ആഭ്യന്തരമെന്നും ബാഹ്യമെന്നും ഏ. ആര്‍. വിഭജിക്കുന്നു. ഭാഷാകുടുംബസങ്കല്‌പത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ വിഭജനം. ദ്രാവിഡഭാഷകളില്‍ നിന്നും സ്വീകരിക്കുന്ന പദങ്ങള്‍ ആഭ്യന്തരവും അതിനുപുറത്തുനിന്നുള്ളവ ബാഹ്യവും. ആഭ്യന്തരം തന്നെ മലയാളത്തിലെ തനതു ശബ്ദങ്ങള്‍ 'സ്വന്തം'; സഗോത്രഭാഷകളില്‍ പൊതുവായുള്ളവ 'സാധാരണം', മലയാളത്തിലെ പ്രാദേശികഭേദങ്ങള്‍ 'ദേശ്യം' എന്നിങ്ങനെ മൂന്നായിപ്പിരിയുന്നു. ഇന്നത്തെ മാനകീകരണത്തിനുമുന്വുള്ള അവസ്ഥയിലാണ്‌ 'സ്വന്തം' എന്ന പദസഞ്ചയം ഏ.ആര്‍. സൂചിപ്പിക്കുന്നത്‌. ദേശ്യഭേദങ്ങള്‍ക്കപ്പുറമുള്ള ഒരു പൊതുമലയാളത്തെ നിലവാരമായി കല്‌പിച്ചുകൊണ്ടാണ്‌ ഏ. ആര്‍. ഈ വിഭജനം നടത്തുന്നത്‌. അതുപോലെ ബാഹ്യപദങ്ങളെ 'തത്ഭവ'മെന്നും 'തത്സമ'മെന്നും തിരിക്കുന്നു. സംസ്‌കൃതത്തില്‍നിന്നുള്ള പദങ്ങളെയാണ്‌ ഇവയില്‍ പ്രധാനമായി ഗണിക്കുന്നതെന്ന്‌ വിശദീകരണത്തില്‍നിന്നും വ്യക്തമാകുന്നുണ്ട്‌.
ഭാഷ വളരേണ്ട ദിശയെസംബന്ധിച്ച സുപ്രധാനമായ ഒരു നിരീക്ഷണമാണ്‌ ഏ. ആര്‍. ഇവിടെ അവതരിപ്പിക്കുന്നത്‌. ഭാഷകളുടെ പാരിസ്ഥിതികപഠനങ്ങള്‍ അവയുടെ വൈവിധ്യവും സര്‍ഗ്ഗാത്മകതയും നിലനിര്‍ത്തേണ്ട അനിവാര്യത ബോധ്യപ്പെടുത്തുന്നുണ്ട്‌. ആധുനികനാഗരികതയുടെ വളര്‍ച്ചയും ആഗോളവല്‍ക്കരണപ്രവണതകളും ഈ വൈവിധ്യത്തെയാണ്‌ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്‌. മനുഷ്യന്റെ സര്‍ഗ്ഗാത്മകശേഷി പോലെത്തന്നെ ഭാഷയ്‌ക്കും സ്വാഭാവികമായ സര്‍ഗ്ഗസിദ്ധികളുണ്ടെന്നും, നൈസര്‍ഗ്ഗികമായ സ്വയംവികാസക്ഷമത ഭാഷകളില്‍ കണ്ടെത്തി അവയുടെ വളര്‍ച്ചയ്‌ക്ക്‌ അവസരമൊരുക്കുകമാത്രമേ നമുക്കു ചെയ്യാനാവൂ എന്നും ഹരിതഭാഷാവാദികള്‍ വാദിക്കുന്നു. എന്നാല്‍ പദങ്ങളില്‍ പാരമ്പര്യവ്യാകരണം കണ്ടെത്തുന്ന 'തനിമ'യും 'ശുദ്ധി'യും അതിന്റെ സാംസ്‌ക്കാരികമായ ഏകപക്ഷിയതയ്‌ക്കും ആധികാരികതയ്‌ക്കുമുള്ള തെളിവായാണ്‌ മനസ്സിലാക്കേണ്ടത്‌.
ലീലാതിലകത്തിലും ദേശി, സംസ്‌കൃതഭവം, സംസ്‌കൃതരൂപം എന്നിങ്ങനെയുള്ള വിഭജനമുണ്ടെങ്കിലും 'കൂന്തല്‍വാദം' പോലുള്ള ചര്‍ച്ചകളില്‍ കുറേക്കൂടി സമഗ്രവും പ്രാദേശികവുമായ ഒരു സംസ്‌ക്കാരദര്‍ശനത്തിന്റെ സാന്നിധ്യം ബോധ്യമാകുന്നതാണ്‌. മലയാളഭാഷയുടെ ഭാവി സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ന്‌ പ്രത്യേകിച്ചും പ്രസക്തമാകുന്ന വേളയില്‍, ഭാഷയുടെ ജൈവസന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റിക്കൊണ്ട്‌ അതിനെ സംരക്ഷിക്കാന്‍ നടത്തുന്ന ശ്രമം, ആത്മഹത്യാപരമാണെന്ന്‌ ഓര്‍മ്മിപ്പിക്കുക കൂടി ഹരിതഭാഷാപഠിതാവിന്റെ ദൗത്യമായിരിക്കും. വംശനാശഭീഷണിയെ ജീവശാസ്‌ത്രം എത്ര ഗൗരവമായി കരുതുന്നുവോ അത്രതന്നെ ശ്രദ്ധ ഭാഷാനിരീക്ഷകര്‍ക്ക്‌ നാശോന്മുഖഭാഷകളോടും ഉണ്ടാവേണ്ടതാണ്‌.

ഉപസംഹാരം

മലയാളം ഒരു നൂറ്റാണ്ടിലേറെയായി നെഞ്ചേറ്റുന്ന കേരളപാണിനീയം പോലൊരു സമഗ്രകൃതിയുടെ സ്വാഭാവികഘടനയില്‍നിന്നും വേറിട്ടുനില്‍ക്കുന്ന ശബ്ദോല്‍പ്പത്തി എന്ന അധ്യായം ഉയര്‍ത്തുന്ന ചില പാരിസ്ഥിതിക സൂചനകളിലേക്ക്‌ വിരല്‍ചൂണ്ടുവാന്‍ മാത്രമാണ്‌ ഇവിടെ ശ്രമിച്ചിട്ടുള്ളത്‌. ഭാഷയിലെ മനുഷ്യകേന്ദ്രീകരണത്തിന്റെയും പ്രകൃതിവിരുദ്ധതയുടേയും അംശങ്ങള്‍ വ്യക്തമാകുന്ന ഏതാനും സന്ദര്‍ഭങ്ങള്‍മാത്രമാണിവ. ഭാഷയുടെ പദകോശവും വ്യാകരണവും ആണ്‌ നമ്മുടെ അനുഭവങ്ങളെ പരുവപ്പെടുത്തുന്നതും നമ്മുടെ ഐന്ദ്രിയാനുഭവങ്ങള്‍ക്ക്‌ അര്‍ത്ഥം കല്‌പിക്കുന്നതും. വ്യാകരണമെന്നത്‌ മനുഷ്യാനുഭവങ്ങളുടെ സിദ്ധാന്തമായും സാമൂഹികപ്രവര്‍ത്തനങ്ങളുടെ തത്ത്വമായും പ്രവര്‍ത്തിക്കണമെന്ന ഉദ്‌ബോധനം പ്രശസ്‌ത ഹരിതഭാഷാവാദിയായ ഹാലിഡേ(2001:179)യുടേതാണ്‌. ഉല്‍പ്പാദനരീതികളേയും ഉപാധികളേയും ആശ്രയിച്ചുകൂടിയാണ്‌ ഒരു പ്രത്യേക ചരിത്രഘട്ടത്തിലെ വ്യാകരണത്തിന്റെ അര്‍ത്ഥനിര്‍മ്മിതി സാധ്യമാകുന്നത്‌. ചരിത്രത്തിലുടനീളം ഒരു ഭാഷയ്‌ക്ക്‌ ഒരൊറ്റ വ്യാകരണം മാത്രമേ ആകാവൂ എന്നില്ല. പലപ്പോഴും ജീവല്‍ഭാഷകളില്‍ ഒരേസമയം ഒന്നിലധികം വ്യാകരണങ്ങള്‍ സാധ്യമാകാറുണ്ട്‌. കേരളപാണിനീയത്തോടുള്ള പ്രതികരണമെന്ന നിലയ്‌ക്കല്ലാതെ മലയാളത്തില്‍ ഒരു ഭാഷാചര്‍ച്ചയും നിലനില്‍ക്കുന്നില്ല എന്നത്‌ ആ ഗ്രന്ഥത്തിന്റെ മേന്മയേയും മലയാളഭാഷാപഠനത്തിന്റെ പോരായ്‌മയേയും ഒരേസമയം വെളിപ്പെടുത്തുന്നതാണ്‌.

സഹായകഗ്രന്ഥങ്ങള്‍

ആന്റണി, സി. എല്‍ 1973(1994) കേരളപാണിനീയഭാഷ്യം, കോട്ടയം: ഡിസി ബുക്‌സ്‌
ഇളയപെരുമാള്‍, എസ്‌. ജി. സുബ്രഹ്മണ്യപിള്ള (വ്യാ) തൊല്‍ക്കാപ്പിയം, തിരുവന ന്തപുരം: സരസ്വതിനിവാസ്‌
ഗുണ്ടര്‍ട്ട്‌, ഹെര്‍മന്‍ 1851 (1991) മലയാളഭാഷാവ്യാകരണം, കോട്ടയം: ഡി.സി.ബുക്‌സ്‌
മാത്തന്‍, ജോര്‍ജ്‌ 1868(2000) മലയാഴ്‌മയുടെ വ്യാകരണം, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌
രാജരാജവര്‍മ്മ, ഏ. ആര്‍, 1917(1997), കേരളപാണിനീയം, കോട്ടയം: ഡി.സി.ബുക്‌സ്‌
്‌വേണുഗോപാലപ്പണിക്കര്‍, ടി.ബി. 2006 ഭാഷാലോകം, കോട്ടയം: ഡി.സി.ബുക്‌സ്‌
സുകുമാരപിള്ള, കെ. 1980 കൈരളീശബ്ദാനുശാസനം, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌
Fill, Alwin and Peter Mulhausler (eds) 2001 The Ecolinguistics Reader: Language Ecology and Environment, London: Continuum
Gopalapillai, A R 1985 Linguistic Interpretation of Lilathilakam, Trivandrum: DLA
Halliday, M A K 2001 The New Ways of Meaning, in Fill and Muhlhausler (eds) 2001:170-202
Haugen, Einar 1972 The Ecology of Language, Stanford: Stanford Uty Press


No comments:

Post a Comment